പന്തളം: നികത്തിയ പാടം സന്ദർശിക്കാനെത്തിയ അഭിഭാഷക കമ്മിഷന് നേരെ ആക്രമണം. പറന്തലിൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ജനറൽ കൺവെൻഷൻ ഗ്രൗണ്ടിനായി കല്യാണിക്കൽ ഏലായിൽ പാടം നികത്തുകയായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് പ്രവർത്തകർ വളഞ്ഞിട്ടു മർദ്ദിച്ചതായാണ് പരാതി. അടൂർ മുൻസിഫ് കോടതിയുടെ ഉത്തരവുപ്രകാരമെത്തിയ കുരമ്പാല ശ്രീനിവാസിൽ അഡ്വ. വിനീത്.വി (35) ആണ് പരിക്കേറ്റ് പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കമ്മിഷനും സഹായിയും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സഭാ വിശ്വാസികളായ മുപ്പതോളം പേർ ഇവരെ തടഞ്ഞുവച്ചത്. അഭിഭാഷക കമ്മിഷനാണെന്ന രേഖയും തിരിച്ചറിയൽ കാർഡും കാണിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. കൈയിലിരുന്ന രേഖകൾ പിടിച്ചു വാങ്ങുകയും ചെയ്തു. ഇരുവരും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് സഭാ സൂപ്രണ്ട് ഡോ. പി.എസ്. ഫിലിപ്പ് സ്ഥലത്തുണ്ടായിരുന്നു.
സമീപ വസ്തു ഉടമകളായ ശാന്തമ്മ, നടേശൻ ആചാരി എന്നിവർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് പ്രകാരം കമ്മിഷൻ എത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ അഡ്മിറ്റായ കമ്മിഷനെ പൊലീസ് തിങ്കളാഴ്ച സന്ദർശിച്ചെങ്കിലും മൊഴിയെടുക്കാൻ തയ്യാറായില്ല. ബാർ കൗൺസിൽ ഭാരവാഹികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് ഇന്നലെ രാവിലെ 11 മണിയോടെ മൊഴിയെടുക്കാൻ പൊലീസ് തയ്യാറായതെന്ന് കമ്മിഷൻ പറഞ്ഞു. ഇടക്കാല റിപ്പോർട്ട് ഇന്നു കോടതിയിൽ സമർപ്പിക്കുമെന്നും അഡ്വക്കേറ്റ് അറിയിച്ചു.
.............................................

നിയമലംഘനനത്തിന് അധികൃതരുടെ കൂട്ട്


കൺവെൻഷന് വേണ്ടി നിലംനികത്തി റോഡ് നിർമ്മിച്ചത് പാരിസ്ഥിതിക പ്രശ്‌നത്തിനു സാദ്ധ്യതയുള്ളതായി കണ്ട് റവന്യൂ അധികൃതർ നിരോധന ഉത്തരവ് നൽകിയിരുന്നെങ്കിലും അതു മാനിക്കാതെയാണ് കൈത്തോടുകൾ ഉൾപ്പെടെ നികത്തി വയലിലൂടെ റോഡ് നിർമ്മിച്ചത്. എം.സി റോഡിൽ പറന്തൽ സർവ്വീസ് സഹകരണ ബാങ്കിനെതിർവശത്തുള്ള അഞ്ചേക്കറോളം സ്ഥലമാണ് അസംബ്ലീസ് ഓഫ് ഗോഡ് സഭ വാങ്ങിയത്. കല്യാണിക്കൽ ഏലായിലെ ഒരേക്കറോളം വരുന്ന നിലവുമുണ്ട്. വർഷ കാലങ്ങളിൽ ഈ കൈത്തോടുകളിലൂടെയാണ് വെള്ളം വലിയതോട്ടിലേക്ക് ഒഴുകി പോയിരുന്നത്. അതെല്ലാം നികത്തി റോഡാക്കിയതോടെ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാകുമെന്ന് സമീപവാസികൾ പരാതി നൽകിയതിനേത്തുടർന്നാണ് റവന്യൂ അധികാരികൾ നിരോധന ഉത്തരവു നൽകിയത്. കൺവെൻഷന്റെ സമാപന ദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് സഭാ അധികൃതർ പറഞ്ഞു പ്രചരിപ്പിച്ചതോടെ അനധികൃത നിർമ്മാണങ്ങൾക്ക് അധികൃതർ മൗനസമ്മതം നൽകി. ഭരണകക്ഷിയിലെ പ്രമുഖ രാഷട്രീയ പാർട്ടിയുടെ പ്രവർത്തകരുടെ പിന്തുണയും ഇവർക്കു ലഭിച്ചു.