വനാന്തരത്തിലെ പ്രകൃതി മനോഹരമായ ഗ്രാമമാണ് കൊക്കാത്തോട്. കോന്നി എലിയ്റക്കൽ ജംഗ്ഷനിൽ നിന്ന് അച്ചൻകോവിൽ റോഡിൽ യാത്ര ചെയ്ത് കല്ലേലി പാലം കയറി പോകുന്നത് കൊക്കാത്തോട്ടിലേക്കാണ്. കൂറ്റൻ പാറകളുടെ നടുവിലൂടെ കൊക്കാത്തോട് ഒഴുകുന്നു. പാപ്പിനി, ഒളക്കശാന്തി, കാട്ടാത്തി എന്നീ കരിമ്പാറകളാണ് കൊക്കാത്തോട്ടിലുളളത്. പത്തനംതിട്ട ചുട്ടിപ്പാറയേക്കാൾ പൊക്കവും വലിപ്പവുമുളളതാണ് കാട്ടത്തിപ്പാറ. ഇരു തീരങ്ങളിലും മരങ്ങളാൽ സമൃദ്ധമാണ് കൊക്കാത്തോട്.

>>>>

കാട്ടാത്തി : അരുവാപ്പുലത്തെ എവറസ്റ്റ്

മാനംമുട്ടി ഒരു കരിമ്പാറ. കൊക്കാത്തോട് ഉൾപ്പെടുന്ന അരുവാപ്പുലം പഞ്ചായത്തുകാരുടെ എവറസ്റ്റാണ് ഇൗ കാട്ടാത്തിപ്പാറ. താഴെ മരക്കുടകളുടെ പച്ചപ്പിന്റെ വിസ്മയക്കാഴ്ച. ഉറുമ്പ് ഇഴയുന്നതുപോലെ വാഹനങ്ങളും മനുഷ്യരും. ദൂരക്കാഴ്ചയിൽ കാടും മലയും. വെയിൽചാഞ്ഞ പടിഞ്ഞാറ് നിന്ന് ശീതക്കാറ്റിന്റെ തണുപ്പ്. എതിരെ മുഖത്തേക്കു നോക്കി നിൽക്കുന്ന ഒളക്കശാന്തി പാറ.

. ഇവിടം ടൂറിസം കേന്ദ്രമാക്കണമെന്ന് നിർദ്ദേശങ്ങൾ നേരത്തേ ഉയർന്നിരുന്നു. തണ്ണിത്തോട് അടവി, മണ്ണീറ, തലമാനം വഴി കാടിനുളളിലൂടെ കാട്ടാത്തിപ്പാറയിലേക്ക് പ്രകൃതിദത്ത ടൂറിസം പദ്ധതിക്ക് രൂപരേഖയൊരുങ്ങിയതുമാണ്. വനത്തിന്റെയും വന്യജീവികളുടെയും സുരക്ഷയെ കരുതി ഉപേക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പ്രവൃത്തികൾ സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടായതിനാൽ കാട്ടാത്തിപ്പാറയിലേക്കുളള പ്രവേശനം വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. കൊക്കാത്തോട് ആദിവാസി കോളനയിൽ നിന്നാണ് കാട്ടത്തിപ്പാറയിലേക്ക് കയറുന്നത്. വന സംരക്ഷണ സമിതിയുടെയോ ആദിവാസികളുടെയും അനുവാദത്തോടെ പോകാം. പ്ളാസ്റ്റിക്ക് കൊണ്ടുപോകരുതെന്ന് മാത്രം.

....

ഉയരങ്ങളിലെ പ്രണയ കഥ

കട്ടാത്തിപ്പാറയുടെ കഥയിങ്ങനെ: പണ്ട് ഇവിടെ താമസിച്ചിരുന്ന കാട്ടാളനും കാട്ടാളത്തിയും പ്രണയത്തിലായിരുന്നു.

പാറയുടെ അടിവാരത്തിൽ തേൻ നിറയുന്ന കാലത്ത് കാട്ടുവളളികൾ ഉടലിൽക്കെട്ടി കട്ടാളാൻ ഞാന്നിറങ്ങി തേൻ ശേഖരിക്കും.

കാലങ്ങൾ കടന്നപ്പോൾ മറ്റൊരു കാട്ടാളന് കട്ടാളത്തിയോട് പ്രേമം തോന്നി. അവളുടെ കാമുകനെ കൊലപ്പെടുത്താൻ അയാൾ തീരുമാനിച്ചു.

ഒരിക്കൽ കാട്ടാളൻ വളളിയിൽ തൂങ്ങി തേൻ ശേഖരിക്കാൻ ഇറങ്ങിയപ്പോൾ അയാൾ വള്ളി അറുത്തുവിട്ടു. കാട്ടാളൻ പാറയുടെ താഴ്വാരത്തിലേക്ക് തലയടിച്ചു വീണ് മരിച്ചു.

അതോടെ കൊലയാളിയായ

കാട്ടാളൻ കട്ടാളത്തിയെ ആശ്വസിപ്പിച്ച് അവളെ സ്വന്തമാക്കാൻ ശ്രമം തുടങ്ങി. ഒരിക്കൽ അയാൾ തേൻ ശേഖരിക്കാൻ വളളിയിൽ തൂങ്ങിയിറങ്ങവെ, കാട്ടാളത്തി വളളിയറുത്ത് പക തീർത്തു. പിന്നെ പാറയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി മരിച്ചു. കാട്ടാളന്റെയും കാട്ടാളത്തിയുടെയും ചോര വീണാണ് താഴ്വാരത്തെ പൂക്കൾ ചുവന്നതത്രേ. ഇൗ കഥയിലൂടെയാണ് കാട്ടാത്തിപ്പാറയെന്ന് പേരുവന്നത്.