പത്തനംതിട്ട : ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ അവധി ദിവസങ്ങളിൽ വീട്ടിൽ താമസിപ്പിക്കാനുള്ള ഫോസ്റ്റർകെയർ പദ്ധതിയുടെ പ്രവർത്തനം ജില്ലയിൽ സജീവം. സാമ്പത്തിക പരാധനീതയുള്ള കുടുംബങ്ങളിലുള്ളവരും അനാഥരുമായ കുട്ടികളെ ഒപ്പം താമസിപ്പിക്കാൻ ഇതുവരെ എത്തിയത് പതിനഞ്ചുപേർ. വീട്ടിലെ പരാധീനതകൾ മൂലം സംരക്ഷിക്കാൻ കഴിയാത്ത കുട്ടികളെ അവധിക്കാലത്ത് തങ്ങളുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്നേഹം നൽകാൻ തയ്യാറായവരാണിവർ.

കിൻഷിപ്പ് ഫോസ്റ്റർ കെയർബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലുളള മിക്ക കുട്ടികൾക്കും അവധി ദിവസങ്ങളിൽ ബന്ധുക്കളുടെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തികമായി പരിതാപകരമായ സാഹചര്യത്തിലായിരിക്കും ബന്ധുക്കൾ. ഈ സാഹചര്യത്തിലാണ് സനാതന ബാല്യം പദ്ധതിയുടെ ഭാഗമായി കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.

ജില്ലയിലെ 44 ശിശുസംരക്ഷണ സ്ഥാപനങ്ങളിലായി എണ്ണൂറിലധികം കുട്ടികളുണ്ട്. ഇവരിൽ എൺപത് ശതമാനം പേർക്കും രക്ഷിതാക്കളുണ്ട്. എന്നാൽ മറ്റുള്ള കുട്ടികൾക്ക് ഓണം, ക്രിസ്മസ്, മദ്ധ്യവേനൽ അവധി ദിനങ്ങളിൽ വീടുകളിലേക്ക് പോകാൻ സാഹചര്യമില്ല. അവധിദിവസങ്ങളിൽ കുട്ടികളെ കൂടെ നിറുത്താൻ താൽപ്പര്യമുളള കുട്ടികളുളള മാതാപിതാക്കൾ, ദമ്പതിമാർ എന്നിവർക്ക് ഫോസ്റ്റർകെയർ പദ്ധതിയിൽ അംഗമാകാം.

-----

ബാല്യ സ്വപ്നങ്ങൾക്ക് നിറംപകരാം


ബാലനീതി നിയമപ്രകാരം രജിസ്റ്റർചെയ്ത സ്ഥാപനങ്ങളിലെ കുട്ടികളെ അവധിക്കാലം കൂടെ നിറുത്താൻ അവസരം നൽകുന്നതാണ് ഫോസ്റ്റർ കെയർ പദ്ധതി.വനിതാ ശിശു വികസന വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. അഭിമുഖം, കൗൺസലിംഗ്, ഗൃഹസന്ദർശനം, കുട്ടികളെ പരിചയപ്പെടൽ എന്നീ ഘട്ടങ്ങളിലൂടെയാണ് കുട്ടികളെ യോഗ്യരായ കുടുംബങ്ങളിലേക്ക് അയയ്ക്കുന്നത്.

താൽപര്യമുള്ളവർക്ക് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വഴി അപേക്ഷിക്കാം.
ഫോൺ : 0468 2319998,

---------------

കുട്ടികളെ ഏറ്റെടുക്കുന്നതിന് ദിവസവും ആളുകൾ അന്വേഷിക്കുന്നുണ്ട് . ഇപ്പോൾ പതിനഞ്ച് പേർ തയ്യാറായി മുമ്പോട്ട് വന്നിട്ടുണ്ട്. അതിൽ ഏഴുപേർ അപേക്ഷാ ഫോം വാങ്ങി. ഈ വർഷം മുതൽ പദ്ധതി ആരംഭിക്കാനാണ് ശ്രമം. ഈ പദ്ധതി നിരവധി കുട്ടികളുടെ സ്വപ്നമാണ്.

നിഷ മാത്യു

കിൻഷിപ്പ് ഫോസ്റ്റർ കെയർ കോർഡിനേറ്റർ

------------

ഇതുവരെ തയ്യാറായത് 15 പേർ