പത്തനംതിട്ട: കൊച്ചീപ്പന് പ്രായം എൺപതായി. പക്ഷേ ആള് ഇപ്പോഴും കൊച്ചുപയ്യനാണ്. എയർഫോഴ്സിൽ വോളിബോൾ പരിശീലകനായിരുന്ന നാളുകളിലെ പോലെതന്നെയുണ്ട് പ്രസരിപ്പ്.

പ്രക്കാനം കൊല്ലന്റേത്ത് വീട്ടിൽ കൊച്ചീപ്പൻ നാട്ടിലെ മൈതാനത്ത് എല്ലാ ദിവസവും കുട്ടികൾക്ക് ഇപ്പോഴും വോളീബോൾ പരിശീലനം നൽകുന്നുണ്ട്. കൃഷിയിൽ സജീവം.

21 -ാം വയസിൽ കോളേജ് പഠനം ഉപേക്ഷിച്ചാണ് കൊച്ചീപ്പൻ എയർഫോഴ്സിൽ ചേർന്നത്. പിന്നീട്

പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സിൽ

വോളിബോൾ പരിശീലകനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുപാട് വിജയങ്ങൾ ടീം കരസ്ഥമാക്കി. ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിനും ഫലമായി വോളിബോളിൽ തന്റേതായ ഒരു സ്ഥാനം അദ്ദേഹം ഉറപ്പിച്ചു. 1996 ൽ 36 വർഷത്തെ എയർഫോഴ്സ് സേവനത്തിൽ നിന്ന് പടിയിറങ്ങിയത് പൂനൈയിൽ നിന്നാണ്. ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഒാർമ്മയ്ക്കായി അവിടെ ഒരു സ്റ്റേഡിയവും നിർമ്മിച്ചു. സേവനത്തിന്റെ സ്നേഹ സമ്മാനമായാണ് അതിനെ കൊച്ചീപ്പൻ ഓർക്കുന്നത്.

തിരികെ നാട്ടിലെത്തിയിട്ടും വെറുതേ ഇരിക്കാൻ തയാറായിരുന്നില്ല. കൃഷിയിലേക്ക് ഇറങ്ങി. പച്ചക്കറികളും കപ്പയും റബറും കൃഷി ചെയ്തു. . പിന്നീട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞു. 2010-2011 ൽ സംസ്ഥാന മത്സ്യ കർഷക അവാർഡും ലഭിച്ചു. ഭാര്യ ത്രേസ്യാമ്മയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. മകൾ പുഷ്പ വിദേശത്താണ്. മകൻ പ്രദീപ് ബാംഗ്ലൂരിൽ ഡോക്ടർ .

----------------

ചുറുചുറുക്കോടെയും സന്തോഷത്തോടെയും ജീവിക്കുക. വെറുതെയിരിക്കാതെ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുക. രോഗങ്ങളും അവശതയുമൊന്നും നമ്മുടെ ഏഴയലത്തുവരില്ല.

കൊച്ചീപ്പൻ

.