പത്തനംതിട്ട: കുടിശിക തീർത്തുനൽകാതെ പണി ഏറ്റെടുക്കില്ലെന്ന കടുത്ത നിലപാടിലാണ് കരാറുകാർ . ഇതോടെ മാർച്ച് 31ന് പൂർത്തിയാകേണ്ട തദ്ദേശസ്ഥാപനങ്ങളുടെ ജോലികൾ അനിശ്ചിതത്വത്തിലായി. പണി തീർന്നില്ലെങ്കിൽ ഇതിനായി അനുവദിച്ച ഫണ്ട് നഷ്ടമാകും.
മുൻകാല ജോലികളുടെ പണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് കരാറുകാർ വിട്ടുനിൽക്കുന്നത്.

. നേരത്തെ അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകൾ പാസാക്കി നൽകിയിരുന്നെങ്കിലും ഇപ്പോൾ അതുമുണ്ടാകുന്നില്ല. ജില്ലാ പഞ്ചായത്ത് സമീപകാലത്ത് ടെൻഡർ ചെയ്ത ജോലികളിൽ 75 ശതമാനവും കരാറായിട്ടില്ല. ടെൻഡർ നൽകിയിട്ട് ആരുമെടുക്കുന്നില്ലെന്ന് വന്നപ്പോൾ പണികൾ പൂർണമായി ക്വട്ടേഷൻ വിളിച്ചെങ്കിലും ആരും അപേക്ഷ നൽകാൻ തയാറായില്ല. മാർച്ച് 31നകം ജോലികൾ ആരംഭിക്കുകയോ കരാർ ഒപ്പുവയ്ക്കുകയോ ചെയ്യുന്നില്ലെങ്കിൽ ഇവയ്ക്ക് അനുവദിച്ച തുക നഷ്ടമാകും. ജില്ലാ പഞ്ചായത്തിനടക്കം പ്രളയ സഹായമായി അനുവദിച്ച ഫണ്ടും ഇടയ്ക്ക് തിരികെപ്പിടിച്ച പണവുമെല്ലാം ഉൾപ്പെടുത്തിയുള്ള നിർമ്മാണ ജോലികൾ ഇതിൽപ്പെടുന്നു. റോഡ് നിർമ്മാണമാണ് കൂടുതൽ. ഗ്രാമീണ റോഡുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ നിലവിൽ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലാണ്. പൊതുമരാമത്ത് റോഡുകളുടെ പണികൾ കുത്തക കമ്പനികളും കരാറുകാരും ഏറ്റെടുത്തതോടെ ചെറുകിട കരാറുകാർക്ക് കുടിശിക ലഭിച്ചില്ലെങ്കിൽ മുമ്പോട്ടു പോകാനാകാത്ത സാഹചര്യമുണ്ട്. റോഡുകളുടെ പുനർനിർമ്മാണം അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കുള്ള ടാർ അടക്കം വില കൊടുത്തു വാങ്ങണമെങ്കിൽ കുടിശിക ലഭിക്കണം. പൂർത്തിയാകുന്ന ജോലികൾക്ക് സമയബന്ധിതമായി പണം ലഭിക്കാത്തതും കരാറുകാരെ ബുദ്ധിമുട്ടിലാക്കുന്നു.

-------------------------

കരാറുകാർക്കും പറയാനുണ്ട്

ടാറിംഗ് ജോലികൾക്കാവശ്യമായ ടാർ മുഴുവൻ പണം മുൻകൂറായി അടച്ച് വാങ്ങണമെന്നതാണ് പുതിയ വ്യവസ്ഥ. ഒരു ബാരൽ ടാറിന് 5200 രൂപയാണ് . കൊച്ചി ബി.പി.സി.എല്ലിൽ എത്തി ഒരു ബാരൽ ടാർ വാങ്ങി ജില്ലയിലെത്തിക്കുമ്പോഴേക്കും 7000 രൂപ ചെലവാകും. ബാരലിന് 270 രൂപയും 12 ശതമാനം ജിഎസ്ടിയും വാങ്ങുന്നുണ്ട്. ക്രഷർ ഉൽപന്നങ്ങളുടെ വില ജില്ലയിൽ കൂടുതലാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ നിന്നു വളരെ അധികമാണിത്.

---------------------------------

കൊടുത്തു തീർക്കാനുള്ളത്

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടേതു മാത്രം-

1300 കോടി രൂപ

പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ 9 കോടി

--------------------------

ജില്ലാ പഞ്ചായത്തിൽ നിന്ന് കരാറുകാരുടെ ബില്ലുകൾ കൃത്യമായി പാസാക്കി ട്രഷറിയിലേക്ക് അയയ്ക്കുന്നുണ്ടെങ്കിലും സർക്കാർ നിർദ്ദേശപ്രകാരം ട്രഷറികളിൽ നിന്ന് പണം നൽകാത്തതാണ് തടസം. കരാറുകാരുടെ കുടിശിക നൽകാത്തതിനാൽ അവരെക്കൊണ്ട് പുതിയ ജോലികൾ ഏറ്റെടുപ്പിക്കാനും ബുദ്ധിമുട്ടുണ്ട്. മാർച്ച് 31നകം പൂർത്തിയാകാത്ത ജോലികൾ സ്പിൽ ഓവറായി ഉൾപ്പെടുത്താമെന്ന് പറയാറുണ്ടെങ്കിലും ഇത്തരത്തിൽ ഉൾപ്പെടുത്തുന്ന ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ട്.

അന്നപൂർണാദേവി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്