06-saudaminiyamma
മലയാലപ്പുഴ സൗദാമിനിയമ്മ

മലയാലപ്പുഴ: ഒരുകാലത്ത് ഉത്സവപ്പറമ്പിലെ താരമായിരുന്നു മലയാലപ്പുഴ സൗദാമിനിയമ്മ.കഥാപ്രസംഗം കൊണ്ട് സഹൃദയരുടെ മനസിൽ നിറ‌ഞ്ഞുനിന്ന പ്രതിഭ.

1940 കളിൽ മദ്ധ്യതിരുവിതാംകൂറിലെ ഉത്സപറമ്പുകളെ കോൾമയിർകൊള്ളിച്ച കഥാകാരി. മഹാകവി കുമാരനാശന്റെ 'കരുണ'യായിരുന്നു പ്രധാന കഥ. കഥാപ്രസംഗം കേൾക്കാൻ പ്രേക്ഷകർ ഉത്സവപ്പറമ്പുകളിലും, പള്ളിപ്പറമ്പുകളിലും, പള്ളിക്കൂട മൈതാനങ്ങളിലും തിങ്ങിനിറഞ്ഞ ഒരു കാലമുണ്ടായിരുന്നു.

മലയാലപ്പുഴ മുണ്ടോത്തറയിൽ കേശവന്റെയും കുഞ്ഞിക്കാവമ്മയുടേയും മകളായി 1921 ലാണ് സൗദാമിനിയമ്മ ജനിച്ചത്. തൊണ്ണിറ്റിയൊൻപതിന്റെ നിറവിലാണ് ഇൗ കലാകാരി.

മലയാലപ്പുഴ കാഞ്ഞിരപാറയിലെ വീട്ടിലാണ് ഇപ്പോൾ താമസം. 12 -ാമത്തെ വയസിൽ അടൂർ കേശവപിള്ളയുടെ കീഴിൽ സംഗീതവും, തിരുവല്ല കെ.ജി.കേശവപണിക്കരുടെ ശിക്ഷണത്തിൽ ഹാർമോണിയവും പഠിച്ചു. നിരവധി സംഗീത കച്ചേരികൾ അവതരിപ്പിച്ച സൗദാമിനിയമ്മ എം.പി. മൻമഥന്റെ ട്രൂപ്പിൽ ഹാർമോണിയം വായിക്കാനായി ചേർന്നു. അവിടെ നിന്ന് കെ. കെ. വാദ്ധ്യാരുടെ സംഘത്തിലെത്തി . അധികം താമസിക്കാതെ വാദ്ധ്യാരുടെ ജീവിത സഖിയായി.

ആദ്യമായി കഥാപ്രസംഗം അതരിപ്പിച്ചത് ജൻമനാടായ മലയാലപ്പുഴയിലാണ് . മഹാകവി പുത്തൻകാവ് മാത്തൻ തരകനാണ് ഉദ്ഘാടനം ചെയ്തത്. ബന്ധുകൂടിയായ എൻ.എൻ. സദാനന്ദന്റെ പിന്തുണയുമുണ്ടായിരുന്നു. കഥാപ്രസംഗ കലയിലെ വിസ്മയമായിരുന്ന വാദ്ധ്യാരോടൊപ്പം കഥാപ്രസംഗവേദികളിൽ നിറഞ്ഞുനിന്നു.

-----------------

400 രൂപയ്ക്ക് വീടും സ്ഥലവും

ആദ്യകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും കഥാപ്രസംഗം നടത്തി. സിങ്കപ്പൂരിൽ ഒരു വർഷം താമസിച്ചാണ് പരിപാടികൾ നടത്തിയത്. സിങ്കപ്പൂരിൽ ഒരേ സ്ഥലത്ത് തന്നെ 13 പ്രാവശ്യം കഥാപ്രസംഗം നടത്തി. ഇതിൽ നിന്ന് ലഭിച്ച പണം കൊണ്ട് അന്ന് മലയാലപ്പുഴയിൽ 400 രൂപയ്ക്ക് പുതിയ വീടും 4 സെന്റ് സ്ഥലവും വാങ്ങി.

മക്കളില്ലാത്തതിന്റെ വേദന കൊണ്ട് ഉള്ളുനീറുമ്പോഴും സൗദാമിനിയമ്മ പാടിയും, കഥ പറഞ്ഞും പ്രേക്ഷകരെ സന്തോഷിപ്പിച്ചു. ഭർത്താവിന്റെ മരണശേഷവും വേദികളിൽ നിറഞ്ഞുനിന്നു. അനുജത്തിയുടെ മകനും മരുമകൾക്കുമൊപ്പം മലയാലപ്പുഴ കാഞ്ഞിരപ്പാറയിലുള്ള വീട്ടിലാണ് താമസം. പ്രായാധിക്യം മൂലമുള്ള അവശതകൾ മറന്ന് കുറേക്കാലം നാട്ടിലെ കുട്ടികളെ പാട്ട് പഠിപ്പിക്കുമായിരുന്നു. തിക്കുറിശിയുടെ മായ, സ്ത്രീ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.