junction
തിരുവല്ല താലൂക്ക് ആശുപത്രി ജംഗ്‌ഷൻ അനധികൃത പർക്കിംഗും വഴിയോര കച്ചവടവും

തിരുവല്ല: തിരക്കേറെയുള്ള താലൂക്ക് ആശുപത്രി ജംഗ്‌ഷനിൽ പെരുകിവരുന്ന അനധികൃത പാർക്കിംഗും വഴിയോരക്കച്ചവടവും പൊതുജനങ്ങളെ കുരുക്കിലാക്കുന്നു.ആശുപത്രിയിലെത്തുന്ന രോഗികളും വിവിധ സർക്കാർ ഓഫീസുകളിൽ എത്തുന്നവരും യാത്രക്കാരും അപകടഭീതിയിൽ.തിരുവല്ല-മാവേലിക്കര റോഡിലും റവന്യു ടവറിലേക്കുള്ള റോഡിലും അനധികൃത പാർക്കിംഗ് ഏറെയാണ്.ഇടുങ്ങിയ റോഡിന്റെ പലഭാഗങ്ങളിലും വാഹനപ്പെരുപ്പം കാരണം നടന്നുപോകാൻപോലും ഇടമില്ല. ഇതിനിടെ അനധികൃത വഴിയോരക്കച്ചവടവും ഇവിടെ പൊടിപൊടിക്കുകയാണ്. ആശുപത്രിയുടെ മതിലിനോട് ചേർന്ന് നിരവധി ചെറിയ കടകൾ അടുത്തകാലത്ത് ഇവിടെ സ്ഥാനംപിടിച്ചു.മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന വഴിയോരക്കച്ചവടക്കാരും നിരത്തുകൾ കൈയടക്കുന്നതോടെ നടന്നുപോകാൻ പോലും ഇടമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇതുകൂടാതെ റവന്യു ടവറിലെ വിവിധ സർക്കാർ ഓഫീസുകളിലും കോടതികളിലും മറ്റുംഎത്തുന്ന ആളുകളും വാഹനങ്ങളും കടന്നുപോകാൻ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.

ബസ് സ്റ്റോപ്പും പാർക്കിംഗും പുനഃക്രമീകരിക്കണം


ആശുപത്രി ജംഗ്‌ഷനിലെ ബസുകളുടെ പാർക്കിംഗ് പുനഃക്രമീകരിക്കണമെന്നും ആവശ്യമുണ്ട്. തിരുവല്ല ഭാഗത്തേക്ക് പോകുന്ന ചില ബസുകൾ റോഡിന്റെ കയറ്റത്തിൽ ഡി.ഡി ഓഫീസിന് സമീപത്ത് നിറുത്തിയാണ് ആളെ കയറ്റുന്നത്. എന്നാൽ മറ്റുചില ബസുകൾ ഇവിടുത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് എതിർവശത്താണ് നിറുത്തുന്നത്. തോന്നിയപോലെ ബസുകൾ നിറുത്തുന്നതിനാൽ യാത്രക്കാരും ബസ് കാത്ത്നിൽക്കുന്നത് പലയിടത്താണ്.മാവേലിക്കര ഭാഗത്തേക്കുള്ള ബസുകളും തിരുവല്ല ഭാഗത്തേക്കുള്ള ബസുകളും ഇരുവശങ്ങളിലും നിറുത്തി ആളെ കയറ്റുന്നതും ഇവിടുത്തെ പതിവാണ്.ഒരുബസ് ഇവിടെ നിറുത്തിയാൽ പിന്നെ മറ്റുള്ള വാഹനങ്ങൾക്ക് പോകാൻ ഇടയില്ല. ഇതോടെ നഗരത്തിലെ കുരുക്കിൽനിന്നും രക്ഷപെട്ടെത്തിയ യാത്രക്കാർ പിന്നെയും ഗതാഗതക്കുരുക്കിലാകും.രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ തിരക്കേറെയാണ്.

ജംഗ്‌ഷൻ വികസിപ്പിക്കണം


ദിവസേന നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന താലൂക്ക് ആശുപത്രി ജംഗ്‌ഷൻ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി.ഇടുങ്ങിയ ജംഗ്‌ഷനിലെ ഓട്ടോ -ടാക്സി പാർക്കിംഗ് പുനഃക്രമീകരിക്കണം.കൂടാതെ അനധികൃത കച്ചവടവും വഴിയോര വാണിഭവും നിയന്ത്രിച്ചാൽതന്നെ അപകടങ്ങൾക്കും ഗതാഗതപ്രശ്നങ്ങൾക്കും ഒരുപരിധിവരെ പരിഹാരമാകും.

സീബ്രാ ലൈനില്ല
തിരക്കേറെയുള്ള ജംഗ്ഷനിലെ സീബ്രാലൈൻ ഇല്ലാതായിട്ട് നാളേറെയായി. ഇതുകാരണം ആശുപത്രിയിലെത്തുന്ന രോഗികളും വഴി യാത്രക്കാരുമൊക്കെ തലങ്ങും വിലങ്ങും റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.

ദിവസവും ആളുകൾ ഏറെ വന്നുപോകുന്ന ആശുപത്രി ജംഗ്‌ഷനിലെ ഗതാഗതപ്രശ്നങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കും.

ജെ.ഉമേഷ്‌കുമാർ
(ഡിവൈ.എസ്.പി
തിരുവല്ല)