പത്തനംതിട്ട: ജില്ലയിൽ കൊറോണയുടെ പശ്ചാത്തലത്തിൽ
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 81 പേർ .കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊറോണ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പെൺകുട്ടിയെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ ഡിസ്ചാർജ് ചെയ്തു.
നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ 28 ദിവസമെന്ന കാലാവധി പൂർത്തിയായതിനെതുടർന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്രിപ്പിൾ ലെയർ മാസ്‌ക്, പി.പി കിറ്റ് മുതലായവ ദുരന്ത നിവാരണ അതോറിട്ടിയുടെ സഹായത്തോടെ വാങ്ങുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു. എല്ലാ പ്രാഥമിക കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയിലും അവശ്യ മരുന്നുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് മാർഗനിർദ്ദേശവും മുൻകരുതലുകളും നൽകണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ ആവശ്യമെങ്കിൽ കൂടുതലായി അഞ്ച് കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. കൊറോണ രോഗനിയന്ത്രണത്തോടനുബന്ധിച്ച് വിവിധ സമിതികളുടെ യോഗം കളക്ടറേറ്റിൽ ഡി.എം.ഒയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
------------------------
> ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകി
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകി. പുഷ്പഗിരി മെഡിക്കൽ കോളേജ്, ബിലീവേഴ്‌സ് മെഡിക്കൽ കോളേജ്, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി, തിരുവല്ല മെഡിക്കൽ മിഷൻ, കോഴഞ്ചേരി പൊയ്യാനിൽ ഹോസ്പിറ്റൽ , പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ എന്നിവിടങ്ങളിലും പരിശീലനം നടന്നു. പത്തനംതിട്ട ഐ.എം.എ യുടെ നേതൃത്വത്തിൽ ഡോക്ടർമാർക്കും നേഴ്‌സുമാർക്കും പരിശീലനം നൽകി.
ബോധവത്കരണ പരിപാടിക്കായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ ഷീജ അറിയിച്ചു. ഡെപ്യൂട്ടി ഡി.എം.ഓ ഡോ. രശ്മിയാണ് നേതൃത്വം നൽകുന്നത്.
>>
81 പേർ നിരീക്ഷണത്തിൽ