അടൂർ : ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ പദ്ധതിയിൽ ഉൾപ്പെടുത്തി അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ചിൽഡ്രൻസ് തീയറ്ററിന്റെ ഭാഗമായുള്ള കുട്ടികളുടെ കലാജാഥയ്ക്ക് വർണാഭമായ സമാപനം.പള്ളിക്കൽ ഡിവിഷനിലെ അഞ്ച് സ്കൂളുകളിലെ പര്യാടനത്തിന് ശേഷമാണ് തുടർച്ചയായ മൂന്നാംവർഷത്തെ സമാപനം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ഏടുകൾ വിവിധ ചെറുനാടകങ്ങളിലൂടെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 46 വിദ്യാർത്ഥി പ്രതിഭങ്ങൾ അരങ്ങിൽ അവതരിച്ചപ്പോൾ കാണികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും മറ്റ് ക്ഷണിക്കപ്പെട്ട സദസും ആവേശത്തേരിലേറി. മഹാത്മാ ഗാന്ധിയുടെ ജീവിതവഴിയിലൂടെ തുടക്കം കുറിച്ച നാടകത്തിൽ സ്വാന്തന്ത്ര്യസമര പോരാട്ടങ്ങളിൽ നടുനായകത്വം വഹിച്ച മഹാൻമാർ ഒാരോ ഫ്രയിമുകളിലൂടെ വേദിയിൽ മിന്നിമറഞ്ഞ കാഴ്ച വേറിട്ട അനുഭവമായി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ മെമ്പർ ടി. മുരുകേഷര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. വി.സുബിൻ,സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി.ജയൻ,ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ആശാഷാജി,രാമാ ജോഗിന്ദർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സന്തോഷ്, പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ കൊച്ചുപാപ്പി,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ്,അടൂർ പ്രസ്ക്ളബ് പ്രസിഡന്റ് അടൂർ പ്രദീപ് കുമാർ, ആർ.ശോഭ,കെ.ഹരിപ്രസാദ്,പി.ആർ. ഗിരീഷ്,കണിമോൾ,ഡോ.എം. ഷെബീർ,ശ്രീകല,ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.പ്രിൻസിപ്പൽ നജിമുന്നിസ സ്വാഗതവും ഡോ.പി അമ്പിളി നന്ദിയും പറഞ്ഞു.