പത്തനംതിട്ട : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യോൽപാദനം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ദ്വിദിന ക്ലിനിക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി ഉദ്ഘാടനം ചെയ്തു.
തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡി. രാജേന്ദ്രൻ, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോർളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ലിസിയാമ്മ സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യോൽപാദന രംഗത്ത് സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്കും സംരംഭകർക്കുമായാണ് ദ്വിദിന ഭക്ഷ്യോൽപാദന സാങ്കേതിക ക്ലിനിക്ക് സംഘടിപ്പിച്ചത്. നൂതന സാങ്കേതിക വിദ്യകൾ, ഉത്പാദന രീതികൾ, മേഖലകൾ, ആകർഷകമായ പാക്കേജിംഗ്, ബാർകോഡിംഗ്, ലേബലിംഗ്, ഭക്ഷ്യ ഇൻക്യുബേഷൻ സെന്റർ, പാഷൻ ഫ്രൂട്ടിൽ നിന്നുള്ള മൂല്യധിഷ്ഠിത ഉത്പന്നങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ്, ഫുഡ് സേഫ്ടി നിയമങ്ങൾ വിപണനതന്ത്രങ്ങൾ, മാംസാധിഷ്ഠിത ഉൽപന്നങ്ങൾ, സർക്കാർ ധനസഹായ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന ജില്ലാതല എം.എസ്.എം.ഇ അവാർഡ് ജേതാക്കളായ തിരുവല്ല ജോളി ഫുഡ്‌സ് ഉടമ ജോളി ഈപ്പനെയും, വടശേരിക്കര ആശ ഫുഡ് പ്രൊഡക്ട്‌സ് ഉടമ ആശാ ഷാജിയെയും പരിപാടിയിൽ ആദരിച്ചു.