അടൂർ : പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയുള്ള ശ്രീമൂലം മാർക്കറ്റിൽ രാത്രിയിൽ മോഷണം പതിവാകുന്നു. ബുധൻ, ശനി ദിവസങ്ങളിലാണ് ഇവിടെ ചന്ത പ്രവർത്തിക്കുന്നത്. വിൽപ്പനയ്ക്കുള്ള വാഴക്കുല, പച്ചക്കറി, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയവ കർഷകർ തലേദിവസം രാത്രി കൊണ്ടുവയ്ക്കുകയാണ് പതിവ്. അത് സുരക്ഷിതവുമായിരിന്നു. എന്നാൽ ഇപ്പോൾ രാത്രിയുടെ മറവിൽ സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകുകയാണ്. കഴിഞ്ഞ കുറേനാളുകളായി ഏത്തവാഴക്കുല ഉൾപ്പെടെയുള്ളവ മോഷണം പോയതോടെ കർഷകർ ആശങ്കയിലാണ്. പുലർച്ചെ വാഹനങ്ങൾ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണമാണ് തലേദിവസം കർഷകർ ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്. മാർക്കറ്റിനാകട്ടെ സുരക്ഷിതമായ ഗേറ്റോ മറ്റ് സംവിധാനങ്ങളോ ഇല്ല. പുലർച്ച മൂന്ന് മുതൽ വ്യാപാരികൾ എത്തി സാധനങ്ങൾ നിരത്തി കച്ചവടം ആരംഭിക്കും. സവാള, കൊച്ചുള്ളി തുടങ്ങിയവയുടെ വില കുതിച്ച് കയറിയതോടെയാണ് മോഷണവും വർദ്ധിച്ചത്.

കാമറ സ്ഥാപിക്കണം

മോഷണത്തിന് തടയിടാൻ സി.സി ടി.വി കാമറ സംവിധാനം ഏർപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അടുത്തിടെ കെ.എസ്. ആർ.ടി.സി ജംഗ്ഷനിൽ വ്യാപാരികളുടെ സഹായത്തോടെ കാമാറ നിരീക്ഷണം ഏർപ്പെടുത്തിയത് വിജയകരമായി. ഇതേ രീതിയിൽ വ്യാപാരികളുടെ സഹകരണത്തോടെ മാർക്കിറ്റിനുള്ളിലും പുറത്തും കാമറ നിരീക്ഷണം ഏർപ്പെടുത്തിയാൽ മോഷ്ടാക്കളെ തുരത്താൻ കഴിയും.