പന്തളം: പറന്തലിൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് ജനറൽ കൺവെൻഷൻ ഗ്രൗണ്ടിനു വേണ്ടി നിർമ്മിച്ച സ്ഥലത്ത് പരിശോധനയ്ക്കെത്തിയ അഭിഭാഷക കമ്മിഷനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന പത്ത് അസംബ്ലീസ് ഒഫ് ഗോഡ് പ്രവർത്തകരുടെ പേരിൽ പന്തളം പൊലീസ് കേസെടുത്തു. നിലംനികത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അടൂർ മുൻസിഫ് കോടതിയുടെ ഉത്തരവു പ്രകാരമെത്തിയ അഭിഭാഷക കമ്മിഷൻ കുരമ്പാല ശ്രീനിവാസിൽ അഡ്വ. വി.വിനീതിനെ മർദ്ദിച്ചതിനാണ് കേസ്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം . സമീപവാസികളായ ശാന്തമ്മ, നടേശൻ ആചാരി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുവച്ചത്. അഭിഭാഷക കമ്മിഷനാണെന്ന രേഖയും തിരിച്ചറിയൽ കാർഡും കാണിച്ചെങ്കിലും സംഘം അംഗീകരിച്ചില്ല. കൈയിലിരുന്ന രേഖകൾ പിടിച്ചു വാങ്ങുകയും ആക്രമിക്കുകയുമായിരുന്നു എന്ന് കമ്മിഷൻ പറഞ്ഞു. സംഭവം നടക്കുമ്പോൾ സഭാ സൂപ്രണ്ട് ഡോ. പി.എസ്. ഫിലിപ്പ് അടക്കം സ്ഥലത്തുണ്ടായിരുന്നു.
എം.സി. റോഡിൽ പറന്തൽ സർവീസ് സഹകരണ ബാങ്കിനെതിർവശത്തുള്ള അഞ്ചേക്കറോളം സ്ഥലമാണ് അസംബ്ലീസ് ഒഫ് ഗോഡ് സഭ വാങ്ങിയത്. ഇതിൽ കല്യാണിക്കൽ ഏലായിലെ ഒരേക്കറോളം വരുന്ന നിലവുമുണ്ട്. വെള്ളമൊഴുകുന്ന കൈത്തോടുകൾ നികത്തി റോഡ് നിർമ്മിച്ചത് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്നു സമീപവാസികൾ പരാതി നൽകിയിരുന്നു. റവന്യൂ അധികാരികൾ നിരോധന ഉത്തരവും നൽകിയതാണ്.
മുഖ്യമന്ത്രിയെ കൺവെൻഷനിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വരുമെന്നുമുള്ള പ്രചാരണമാണ് സർക്കാർ അധികൃതർ മൗനം പാലിക്കാൻ കാരണമായത്. ഭരണകക്ഷിയിലെ രാഷ്ട്രീയ പാർട്ടിയിലെ ഒരു വിഭാഗം പിന്തുണച്ചപ്പോൾ, തണ്ണീർത്തടങ്ങൾ നികത്തി റോഡു നിർമ്മിച്ചത് പരിസ്ഥിതി പ്രവർത്തകരായ പാർട്ടിക്കാരിൽ അമർഷത്തിനിടയാക്കിയിട്ടുമുണ്ട്.