മഞ്ഞിനിക്കര: പരിശുദ്ധ ഏലിയാസ് ബാവായുടെ കബർ ലക്ഷ്യമാക്കി തീർത്ഥാടകർ കാൽനടയായി ഇന്ന് മഞ്ഞനിക്കരയിലെത്തും. ഉച്ചയ്ക്ക് 2 .30ന് ഓമല്ലൂർ കുരിശടിയിൽ തീർത്ഥാടകരെ മഞ്ഞിനിക്കര ദയറയുടെയും, മോർ സ്‌തേഫാനോസ് പള്ളിയുടെയും നേതൃത്വത്തിൽ സ്വീകരിക്കും. വടക്കൻ മേഖലാ രഥവും കാൽനട തീർത്ഥയാത്രാ സംഘവും 3 മണിയോടെ എത്തിച്ചേരും. മാനന്തവാടി, കൽപ്പറ്റ, കോഴിക്കോട്, കണ്ണൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ കോതമംഗലം, അടിമാലി പിറവം എന്നിവിടങ്ങളിൽ നിന്നുളള തീർത്ഥാടകർ ഇന്ന് രാവിലെ ആറന്മുള കുരിശടിയിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം മഞ്ഞിനിക്കര കബറിങ്കലേക്ക് യാത്ര തിരിക്കും.
കട്ടപ്പന, കുമളി മുണ്ടക്കയം റാന്നി ഭാഗത്തു നിന്നുള്ള തീർത്ഥാടകരെ ഉച്ചയ്ക്ക് 12 മണിയോടെ പത്തനംതിട്ട സെന്റ് മേരീസ് കത്തീഡ്രലിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലിത്ത സ്വീകരിക്കും.
കൂടൽ, വകയാർ വള്ളിക്കോട് തണ്ണിത്തോട്, പയ്യനാമൺ വാഴമുട്ടം ഭാഗത്തു നിന്നുള്ള കിഴക്കൻ മേഖല പദയാത്രയും, കൊല്ലം കുണ്ടറ കായംകുളം അടൂർ ഭാഗത്തു നിന്നുള്ള പദയാത്രയും രണ്ടരയോടെ ഓമല്ലൂർ കുരിശിങ്കൽ എത്തിച്ചേരും.
സഭയിലെ മെത്രാപ്പോലീത്തമാരും , വൈദികരും, സഭാ ഭാരവാഹികളും ചേർന്ന് തീർത്ഥാടകരെ സ്വീകരിച്ച് കബറിങ്കലേക്ക് നയിക്കും.
തുടർന്ന് തീർത്ഥാടക സംഗമം പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി മോർ ക്രിസോസ്റ്റം മീഖായേൽ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ അദ്ധ്യക്ഷത വഹിക്കും. ഡോ. മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. തോമസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ ദീയ സ്‌കോറസ്, യൂഹാനോൻ മോർ മിലിത്തിയോസ്, ഗീവർഗീസ് മോർ കൂറിലോസ് എന്നീ മെത്രാപ്പോലീത്തമാർ, ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ പി.ബി. നൂഹ്, കമാണ്ടർ ടി. യു. കുരുവിള, ജനപ്രതിനിധികളായ ലീലാ മോഹൻ, എം.ജി. കണ്ണൻ, കലാ അജിത്ത്, ഗീതാ വിജയൻ എന്നിവർ പ്രസംഗിക്കും.

നാളെ പുലർച്ചെ മൂന്നിന് മോർ സ്‌തേഫാനോസ് പള്ളിയിൽ മോർ മിലിത്തിയോസ് യൂഹാനോനും 5.30ന് ദയറാ പള്ളിയിൽ ജോസഫ് മോർ ഗ്രീഗോറിയോസ്, സഖറിയ മോർ പീലക്‌സീനോസ്, മാത്യൂസ് മോർ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാർ മൂന്നിന്മേൽ കുർബാനയ്ക്ക് നേതൃത്വം നൽകും. 8.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി കുർബ്ബാന അർപ്പിക്കും. കബറിങ്കലെ ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പെരുന്നാൾ സമാപിക്കും.
തീർത്ഥാടകർക്കായി മുവാറ്റുപുഴ, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്.