അടൂർ : പൊതുവേ വീതികുറവ്,അതിന് പുറമേ നിയന്ത്രണമില്ലാത്ത വാഹന പാർക്കിംഗ്,ഒടുവിൽ ഇത്തിരിയോളം വരുന്ന ഇടത്തിലൂടെ വാഹനം കടത്തികൊണ്ടുപോകാൻ പാടുപെടുന്നവർക്ക് ഭീഷണിയായി മേൽമൂടിയില്ലാത്ത ഒാടയും. ഇൗ ഒാടയിൽ വീഴുന്ന ബൈക്ക് യാത്രികരെ കരയ്ക്ക് കയറ്റുന്ന ജോലിയാണ് സമീപത്തെ വ്യാപാരികളുടേത്.എം.സി റോഡിൽ നിന്നും പാർത്ഥസാരഥി ക്ഷേത്രത്തിന് തെക്കുഭാഗത്തുകൂടി കടന്നുപോകുന്ന മൂന്നാളം റോഡിന്റെ അവസ്ഥയാണിത്.പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണ് ഇൗ മേഖലയിലെ ദുരിതത്തിന് പ്രധാനമായും വഴിതെളിച്ചത്. നഗരഹൃദയത്തിലെ പ്രധാന പാതയിൽ അടിക്കടി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ല.ഇതോടെ ദുരിതത്തിലാകുന്നത് വാഹനയാത്രികരാണ്.പാർത്ഥസാരഥി ക്ഷേത്രമതിൽകെട്ടിനോട് ചേർന്നാണ് ഒാടയ്ക്ക് മേൽമൂടിയില്ലാതെ അപകടഭീഷണി ഉയർത്തുന്നത്.നൂറ് കണക്കിന് ചെറുതുംവലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.അനധികൃത പാർക്കിംഗ് ആയിരുന്നു റോഡിന്റെ പ്രധാന ശാപം.നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും ക്ഷേത്രത്തിലും വരുന്നവർ റോഡിന്റെ ഇരുവശങ്ങളിലുമായി അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നതായിരുന്നു പ്രധാന അപകട കാരണം.ഇവിടം പൊലീസ് നോ പാർക്കിംഗ് മേഖലയായി ഏതാനും മാസം മുൻപ് പ്രഖ്യാപിച്ചിട്ടും ഫലം കണ്ടില്ല.കഴിഞ്ഞ ദിവസം പൊലീസ് ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചത് അനധികൃത പാർക്കിംഗിന് ഒരുപരിധിവരെ പരിഹാരമായി.എങ്കിലും ഒാടയ്ക്ക് മേൽമൂടി ഇല്ലാത്തതുകാരണം എതിരേവരുന്ന വാഹനങ്ങൾ പരസ്പരം കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.കഷ്ടിച്ച് സൈഡ് കൊടുക്കുന്നതിനിടെയാണ് വീലുകൾ ഒാടയിലേക്ക് പതിക്കുന്നത്.നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് ഇൗ മേഖലയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് താലൂക്ക് വികസന സമിതി യോഗത്തിൽ വരെ നിരവധി പരാതികൾ ഉന്നയിച്ചുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
അപകടങ്ങൾക്ക് പ്രധാന കാരണം
--------------------------------------------------------
1. അനധികൃ പാർക്കിംഗ്
2. റോഡിന് വീതികുറവ്
3. മേൽമൂടിയില്ലാത്ത ഓടകൾ
പരിഹാരം-----------------------------------------
ഇൗ ഭാഗത്തെ വീതികുറഞ്ഞ കലുങ്കാണ് അപകട ഭീഷണിക്ക് പ്രധാന കാരണം. കലുങ്ക് വീതികൂട്ടി പണിയുകയും ഒാടയ്ക്ക് മുകളിൽ സ്ളാബിടുകയും ചെയ്താൽ ഇൗ മേഖലയിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ഒാടയ്ക്ക് മുകളിൽ സ്ളാബിടുന്നതിന് ആരും തയാറുകുന്നില്ല. ഇതുതന്നെയാണ് ക്ഷേത്രത്തിന് സമീപത്തെ പ്രധാന പ്രശ്നവും. വാഹനകുരുക്കാണ് റോഡിന്റെ ഏറ്റവും വലിയ ശാപം. ഇക്കാര്യത്തിൽ അധികൃതർ ജാഗ്രത കാട്ടണം.
ഉണ്ണികൃഷ്ണൻ,
(വ്യാപാരി)