encrochment

തിരുവല്ല: കൈയേറ്റം വ്യാപകമായ മധുരംപുഴ ആറിന്റെ വിസ്തൃതി കണ്ടെത്താൻ ജില്ലാ ഭരണകൂടം ഇടപെട്ടതോടെ നടപടികളായി. കുറ്റൂർ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകുന്ന മണിമലയാറിന്റെ കൈവഴിയായ മധുരംപുഴ ആറിന്റെ യഥാർത്ഥ വിസ്തൃതി കണ്ടെത്താൻ സർവ്വേ വകുപ്പിന് നിർദ്ദേശം നൽകി. കഴിഞ്ഞ ഡിസംബർ 19ന് കുറ്റൂർ ഗ്രാമപഞ്ചായത്തും ഹരിതകേരള മിഷനും ജനകീയ പങ്കാളിത്തത്തോടെ മധുരംപുഴയാർ പുനരുജ്ജീവനത്തിനു തുടക്കം കുറിച്ചെങ്കിലും കൈയേറ്റങ്ങൾ ശക്തമായി. തുടർന്ന് തിരുവല്ല സബ്കളക്ടർ വിനയ് ഗോയൽ സ്ഥലം സന്ദർശിച്ചു കൈയേറ്റക്കാർക്ക് സ്റ്റോപ്പ്മെമ്മോ നൽകി. എന്നാൽ യഥാർത്ഥ വിസ്തൃതി കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ജനകീയസമിതി ചെയർമാൻ അഡ്വ.സുരേഷ് വെൺപാലയും കൺവീനർ വി.ആർ.രാജേഷും ചേർന്ന് കളക്ടർക്ക് നിവേദനം നൽകി. തുടർന്ന് ജില്ലാകളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അടിയന്തരമായി മധുരംപുഴ ആറിന്റെ വിസ്തൃതി കണ്ടെത്താൻ ജില്ലാ സർവ്വേവകുപ്പിന് നിർദ്ദേശം നൽക്കുകയായിരുന്നു. പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മധുരംപുഴആറിൽ കൈയേറ്റങ്ങൾ തകൃതിയായത്.

ആറിന്റെ കുറുകെയും നെടുകയും മുളകളും മറ്റും സ്ഥാപിച്ച് യന്ത്രസഹായത്തോടെ മണ്ണെടുത്ത് കൈയേറുകയായിരുന്നു. കൈയേറ്റങ്ങൾ പൂർണമായും ഒഴിവാക്കും.

വി.ആർ.രാജേഷ്,

ജനകീയസമിതി കൺവീനർ

ഒഴുകാൻ കാത്ത് മധുരംപുഴയാർ
7 കിലോമീറ്റർ നീളം, ഒഴുക്കു നിലച്ചിട്ട് മൂന്നര പതിറ്റാണ്ട്.

..........മണിമലയാറ്റിൽ വഞ്ചിമല ഭാഗത്തുനിന്ന് തുടങ്ങി തെങ്ങേലി ഏറ്റുകടവിൽ മണിമലയാറുമായി സംഗമിക്കുന്നു.

.........ഒരുകാലത്ത് കുറ്റൂർ വടക്ക്, ഞാടിക്കൽപ്പാറ, പുത്തൂർകടവ്, വരണേത്ത്, തുരുത്തേൽ ഭാഗങ്ങളിലെ കൃഷിക്ക് ആശ്രയമായിരുന്നു.

.........നീരെ‍ാഴുക്കു നിലച്ചതിനാൽ ഈഭാഗത്തെ കൃഷിയിടങ്ങളെല്ലാം തരിശു കിടക്കുകയാണ്.

.........നൂറുകണക്കിന് ഏക്കർ പുഞ്ചയിലെ കൃഷിയാണ് ഇതുമൂലം ഇല്ലാതായത്.

മണൽഖനനം വിനയായി

മണിമലയാറിലെ മണൽഖനനം മൂലം നദിയുടെ അടിത്തട്ട് താഴ്ന്നതിനാൽ മധുരംപുഴയാറിലെ നീരെ‍ാഴുക്കും നിലയ്ക്കുകയായിരുന്നു. ഇതിനാൽ ഈഭാഗത്തെ കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. മണിമലയാറിനെക്കാൾ ഉയർന്നാണ് മധുരപുഴയാറിന്റെ അടിത്തട്ട്. ഇപ്പോൾ മഴക്കാലത്തു മാത്രമേ വെള്ളം ഒഴുകാറുള്ളു. വർഷങ്ങൾക്ക് മുൻപ് ചെറുവള്ളങ്ങളുടെ മത്സരംവരെ മധുരംപുഴയാറ്റിൽ നടത്തിയിട്ടുണ്ട്. ഈഭാഗത്ത് ചെളിയുംകാടും നിറഞ്ഞു. അപൂർമായ ദേശാടന പക്ഷികളും വന്നുപോകാറുള്ള ഇവിടെ ടൂറിസം സാദ്ധ്യതയേറെയാണ്.