തിരുവല്ല: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തികൾക്ക് ഇനി ജിയോ ഇൻഫർമാറ്റിക് സിസ്റ്റം (ജി.ഐ.എസ്) നടപ്പാക്കും. ജില്ലയിൽ ആദ്യഘട്ടമായി ഇരവിപേരൂർ, പള്ളിക്കൽ, പ്രമാടം, വടശേരിക്കര എന്നീ പഞ്ചായത്തുകളിലെ വിവരങ്ങളാണ് ജി.ഐ.എസ് സംവിധാനത്തിലൂടെ ശേഖരിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലെയും വിവരങ്ങൾ എന്യൂമറേറ്റർമാർ സ്മാർട്ഫോണിൽ ശേഖരിക്കും. കിണർ നിർമാണം, തൊഴുത്ത് നിർമാണം തുടങ്ങി തൊഴിലുറപ്പു പദ്ധതിയിലെ എല്ലാ പ്രവൃത്തികളും ഇനി മുതൽ ഈ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാകും നടക്കുക. അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രോജക്ട് നിർദ്ദേശങ്ങളാണ് ഇപ്രകാരം സമാഹരിക്കുന്നത്. ആൻഡ്രോയ്ഡ് മൊബെൽ ആപ്പിൽ ശേഖരിക്കുന്ന വിവരം ഉപയോഗിച്ച് ലാൻഡ് യൂസ് ബോർഡിന്റെ സഹായത്തോടെ പ്രവൃത്തികളുടെ ലിസ്റ്റ് തയ്യാറാക്കും. ജി.ഐ.എസ് കൊണ്ടുവരുന്നതിന് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ വിവരശേഖരണം ആരംഭിക്കുന്നു. ഇതിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി നിർവഹിക്കും.