പത്തനംതിട്ട: നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സനാതന ധർമ്മത്തെ തകർക്കാനും ഭിന്നിപ്പിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നാട്ടിലെമ്പാടും നടക്കുന്നുണ്ടെന്ന് മുൻ ഡി.ജി.പി ഡോ.ടി.പി.സെൻകുമാർ പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ അയ്യപ്പഭക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ധർമ്മത്തെ മോശമായി ചിത്രീകരിക്കുന്നതിന് മാദ്ധ്യമങ്ങളും ശ്രമിക്കുന്നു. സനാതന ധർമ്മം എന്നത് എല്ലാ മതങ്ങളുടെയും ആശയങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒന്നാണ്. അതുകൊണ്ട് ഇതര മതങ്ങളെയും ആചര്യൻമാരേയും മനസിലാക്കാനും ഉൾക്കൊള്ളാനും ഹിന്ദുക്കൾക്ക് കഴിയും. എന്നാൽ, ഇതര മതസ്ഥർക്ക് അങ്ങനെ ചെയ്യാൻ അവരുടെ മത നിബന്ധനകൾ അനുവദിക്കുന്നില്ല .
യഥാർത്ഥ ഈശ്വര ചിന്തയിലൂടെ പരമാത്മാവിനെ സ്വായത്തമാക്കാം. ഈശ്വരാർപ്പണമായി സ്വകർമ്മം അനുഷ്ഠിക്കുന്നതിലൂടെ ഈശ്വര സേവയും അതിലൂടെ മോക്ഷവും നേടാമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പസേവാ സമാജം ജനറൽ സെക്രട്ടറി ഈറോഡ് രാജൻ അദ്ധ്യക്ഷത വഹിച്ചു .അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി എൻ .വേലായുധൻ നായർ, ചരിത്രകാരനായ ജി.അമൃതരാജ് ,എന്നിവർ പ്രസംഗിച്ചു. ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ .എം .പി .ശശിധരൻ നായർ സ്വാഗതവും ജി. രാജ്കുമാർ നന്ദിയും പറഞ്ഞു.