bus-
bus

കൊടുമൺ : നൂറ് വർഷങ്ങൾ പിന്നിട്ട് ഗോപാലകൃഷ്ണൻ ജൈത്രയാത്ര തുടരുകയാണ്. തലമുറകളെ പിന്നിലാക്കി തുടരുന്ന പ്രയാണത്തിൽ വലിയൊരു സൗഹൃദബന്ധവും ഇൗ ബസ് സർവീസിന് സ്വന്തമായുണ്ട്.ചവറ പൊൻമന തെരുവിൽ വീട്ടിൽ കെ.ശേഖരൻ മുതലാളി തുടങ്ങിയ ഗോപാലകൃഷ്ണൻ ബസ് സർവീസ് പറയാൻ ഏറെ യാത്രാവിശേഷങ്ങളാണുള്ളത്.ലോക മഹായുദ്ധവും സ്വാതന്ത്ര്യസമരവും ഒക്കെ പിന്നിട്ട് ചന്ദ്രയാന്റെ വിശേഷങ്ങളും കടന്ന് കൊറോണയുടെ ആകുലതയും ചർച്ച ചെയ്ത് ഗോപാലകൃഷ്ണൻ സുരക്ഷിതയാത്രയിലാണ്.

1920ൽ രാജഭരണ കാലത്ത് ആരംഭിച്ച ബസിന് ഉടമ കെ.ശേഖരൻ മൂത്തമകൻ ഗോപാലകൃഷ്ണന്റെ പേര് നൽകുകയായിരുന്നു. ആലപ്പുഴ -കായംകുളം റൂട്ടിലായിരുന്നു ആദ്യകാലത്ത് സർവീസ്.പിന്നീട് കായംകുളം കേന്ദ്രീകരിച്ച് കെ.ശേഖരൻ മുതലാളി മോട്ടർ സിൻഡിക്കേറ്റ് എന്ന കമ്പിനി രൂപീകരിച്ചപ്പോൾ വിവിധയിടങ്ങളിലേക്ക് സർവീസ് നടത്താൻ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ അനുമതി നൽകി. കാലമേറെ പിന്നിടുമ്പോൾ കെ.ശേഖരന്റെ ബന്ധുക്കളായ ഡോ.എസ്.ഗോപാലകൃഷ്ണൻ,ടി.എസ്.ചിദംബരം,ഡോ.രാജൻ ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് ഗോപാലകൃഷ്ണൻ ഇപ്പോൾ സർവീസ് നടത്തുന്നത്.

ആദ്യകാലത്ത്

ഇരുവശവും തുറന്നു കിടക്കുന്ന ഓപ്പൺ ബോഡിയോടു കൂടിയ ബസിൽ എട്ട് ഇരിപ്പടം മാത്രമായിരുന്നു അക്കാലത്ത്. ലോക മഹായുദ്ധ കാലത്ത് പെട്രോൾ കിട്ടാതെ വന്നപ്പോൾ കൽക്കരി ഇന്ധമാക്കിയും ഗോപാലകൃഷ്ണൻ സർവീസ് നടത്തി. സർ സി.പി.രാമസ്വാമി അയ്യർ റൂട്ട് ദേശസാത്കരിച്ചതോടെ കായംകുളം സർവീസ് നിലച്ചു.പകരം മൂന്ന് റൂട്ടുകൾ അനുവദിച്ചു.ചവറ - പത്തനംതിട്ട,ചവറ -പറക്കോട്,കൊല്ലം - മടത്തറ എന്നിവയായിരുന്നു അത്.

രക്ഷാപ്രവർത്തനത്തിലൂടെ നാലാം സർവീസ്

എഫ്.എക്സ്. പെരേര എന്ന സായിപ്പ് കോവിൽതോട്ടത്ത് ആരംഭിച്ച മിനറൽ കമ്പനിയുമായി ബന്ധപ്പെട്ട് തൊഴിൽ സമരം നടക്കുന്ന കാലത്താണ് നാലാമത്തെ ബസ് സർവീസ് തുടങ്ങുന്നത്.ഇക്കാലത്ത് എൻ.ശ്രീകണ്ഠൻ നായരുടെയും ബേബി ജോണിന്റെയും നേതൃത്വത്തിൽ നടന്ന സമരം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു.പരിക്കേറ്റ് റോഡിൽ കിടന്ന എസ്.ഐ.ഹസനെ ആശുപത്രിയിൽ എത്തിച്ചത് ഗോപാലകൃഷ്ണൻ ബസിലാണ്.പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചതിന് കരിക്കോട് - കോവിൽത്തോട്ടം റൂട്ടിൽ പുതിയ പെർമിറ്റ് നൽകി.

സ്വകാര്യ ബസ് സർവീസുകൾ ജനങ്ങളുടെ മനസിൽ ഇടംതേടാറുണ്ടെങ്കിലും ഗോപാലകൃഷ്ണന്റെ സ്ഥാനം തലമുറകൾ നീളുന്ന ആത്മബന്ധമാണ്.

സുബിൻ അടൂർ ( പ്രൈവറ്റ് ബസ് കേരള.കോം എഫ്ബി ഗ്രൂപ് അംഗം )