കടമ്പനാട് : മണ്ണടി വേലുതമ്പിദളവാ സ്മാരകത്തിന്റെ നവീകരണത്തിന് ബഡ്ജറ്റിൽ 2 കോടിരൂപ വകയിരുത്തിയത് പുതിയ പ്രതീക്ഷ നൽകുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മണ്ണടി ദളവാസ്മാരകമ്യൂസിയം. സഞ്ചാരികളെ ആകർഷിക്കാൻ യാതൊന്നും ഇവിടെയില്ല. സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ഗാർഡൻ നിർമിച്ചെങ്കിലും കടുത്തവേനലിൽ വെള്ളമില്ലാത്തത് കാരണം ചെടികളെല്ലാം കരിഞ്ഞ് നശിക്കുകയാണ്. കിണർ വറ്റിതുടങ്ങി. കുഴൽകിണർ കേടായിട്ട് വർഷങ്ങളായി. പഠനഗവേഷണത്തിനായി ലൈബ്രററിസ്ഥാപിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഒറ്റപുസ്തകപോലും ഇവിടെയില്ല.കെട്ടിടത്തിന്റെ പണികൾ പൂർണമായി നടത്തിയിട്ടുമില്ല. ഒാപ്പൺ എയർ ആഡിറ്റോറിയം വെറുതെകിടക്കുന്നു. കല്ലടയാറിന്റെ തീരത്തുള്ള കാമ്പിത്താൻസ്മൃതിമണ്ഡപം, അരവകച്ചാണിഗുഹ, ഇവയെല്ലാം ദളവാസ്മാരകത്തിന്റെ വികസനവുമായി ബന്ധപെട്ട് പുനരുദ്ധീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അടൂർ - വെള്ളകുളങ്ങര - മണ്ണടി റോഡ് വികസനത്തിന് നാലരകോടിരൂപയും - ഏനാത്ത് - മുടിപ്പുര റോഡിന് രണ്ട് കോടിരൂപയും വകയിരുത്തിയതും ദളവാസ്മാരകത്തിന്റെ വികസനത്തിൽ പുതിയവഴിത്തിരിവാകും.