പത്തനംതിട്ട: കർഷകർ ഉപയോഗിക്കുന്ന അഗ്രി കണക്ഷനുളള പമ്പുസെറ്റുകൾ സോളാറിലേക്ക് മാറ്റുന്നതിന് സർക്കാർ 60 ശതമാനം സബ്‌സിഡി നൽകും. ഒരു എച്ച്.പി പമ്പിന് ഒരു കിലോ വാട്ട് എന്ന രീതിയിൽ ഓൺഗ്രിഡ് സോളാർ പവർ സ്ഥാപിക്കാം. ഒരു കിലോ വാട്ടിന് ഏകദേശം 54,000 രൂപ ചെലവ് വരും. 60 ശതമാനം സർക്കാർ സബ്‌സിഡി ആയി ലഭിക്കും. 40 ശതമാനം ഗുണഭോക്താക്കളുടെ വിഹിതം നൽകി നിലവിലുളള പമ്പുകൾ സോളാറിലേക്കു മാറ്റാം. ഒരു കിലോ വാട്ടിന് 100 ചതുരശ്ര അടി എന്ന കണക്കിൽ നിഴൽ രഹിത സ്ഥലം ഉളള കർഷകർക്ക് അപേക്ഷിക്കാം.
ഒരു കിലോ വാട്ടിന് സോളാർ പാനലിൽ നിന്ന് ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മൂന്നു മുതൽ അഞ്ച് വരെ യൂണിറ്റ് വൈദ്യുതി ലഭിക്കും. പകൽ പമ്പ് ഉപയോഗിച്ചതിനു ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കു നൽകാം. ഇതിലൂടെ കർഷകർക്ക് അധിക വരുമാനം ലഭിക്കും.
താല്പര്യമുളള കർഷകർ അനെർട്ടിന്റെ ജില്ലാ ഓഫീസിൽ പേര്, ഫോൺ നമ്പർ, പമ്പിന്റെ ശേഷി (ഒരു എച്ച്.പി മുതൽ 10 എച്ച്.പി വരെ ) എന്നിവ നൽകിയാൽ സ്ഥല പരിശോധന നടത്തി ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കും.
ഒരു എച്ച്. പി മുതൽ 10 എച്ച്.പി വരെയുളള പമ്പുകൾ പദ്ധതിയിൽ ഉൾപ്പെടും. കാർഷിക കണക്ഷനുളള പമ്പുകൾക്കാണു സബ്‌സിഡിക്ക് അർഹത. ഫോൺ: 0471 2338077, 2334122.