പത്തനംതിട്ട: സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് വലിയ പദ്ധതികൾ ലഭിച്ചില്ല. എന്നാൽ, മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുളള വികസനത്തിന് പരിഗണന നൽകി തുക വകയിരുത്തി.

കോന്നി മെഡിക്കൽ കോളേജിന് 150 കോടി അനുവദിച്ചു. റാന്നി റബർ പാർക്ക് ബഡ്ജറ്റിൽ ഇത്തവണയും ഇടംപിടിച്ചില്ല. 10 വർഷങ്ങൾക്ക് മുമ്പ് റാന്നിയിൽ റബ്ബർ പാർക്ക് അനുവദിക്കുകയും പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.

ശബരിമല വികസനത്തിന് മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തി 25കോടി അനുവദിച്ചു. ശബരിമലയിലെ വരുമാന ഇടിവ് നികത്താനുൾപ്പെടെ കഴിഞ്ഞ ബഡ്ജറ്റിൽ 100 കോടി പ്രഖ്യാപിച്ചിരുന്നു. ആദ്യ ഗഡു 30 കോടി ലഭിച്ചു.

ശബരിമല വിമാനത്താവളം എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയില്ല. റബറിന്റെ സംഭരണ വില 150രൂപയിൽ നിന്ന് ഉയർത്തിയേക്കുമെന്ന കർഷകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയുണ്ടായി.

അതേസമയം റോഡ്, കുടിവെളളം, പാലം, തോടുകളുടെ നവീകരണം എന്നിവയ്ക്ക് തുക വകയിരുത്തിയത് ആശ്വാസമായി.

>>>

ബഡ്ജറ്റ് മണ്ഡലങ്ങളിലൂടെ

..... ആറന്മുള

> വള്ളംകുളം - നന്നൂർ തോട്ടപ്പുഴ റോഡ്, ചീക്കനാൽ - ഊന്നുകൽ റോഡ് , കുഴിക്കാലാ-കാഞ്ഞിരവേലി റോഡ്, കുമ്പഴ - മലയാലപ്പുഴ റോഡ് എന്നിവയ്ക്ക് തുക.

> പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാർഡിയാക് ബ്ലോക്കും ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്കും അനുവദിച്ചു.
> തിരുവാഭരണ പാത നവീകരണത്തിനായി 10 കോടി രൂപ .

> എസ്.സി വകുപ്പിന് കീഴിൽ പണി മുടങ്ങിക്കിടക്കുന്ന സുബല പാർക്കിന്റെ പൂർത്തീകരണത്തിന് 50 ലക്ഷം.

> നിർമാണം നിലച്ച മാത്തൂർ കൈപ്പട്ടൂർ പാലം, തൃപ്പാറ മുള്ളനിക്കാട് പാലത്തിനും തുക അനുവദിച്ചു.

> ബോട്ട് ലീഗിൽ പെടാത്ത വള്ളംകളികൾക്ക് ഗ്രാന്റ് അനുവദിച്ചതിന്റെ ആനുകൂല്യം ആറൻമുള വളളംകളിക്ക് ലഭിക്കും.

'' സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആറന്മുള മണ്ഡലത്തിലെ വികസന പദ്ധതികൾക്കും മുടങ്ങിക്കിടന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും ബഡ്ജജറ്റ് വിഹിതം നീക്കി വച്ച സംസ്ഥാന സർക്കാരിന് അഭിനന്ദനം.

വീണാ ജോർജ്ജ് എം.എൽ.എ.