ഇലവുംതിട്ട: ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് സാഹിത്യമെന്ന് ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. സരസകവി മൂലൂർ സ്മാരകത്തിൽ സംസ്ഥാന കവിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലൂർ സ്മാരകത്തിലെ സ്മൃതി മണ്ഡപത്തിൽ ഏഴാച്ചേരി രാമചന്ദ്രൻ പുഷ്പാർച്ചന നടത്തി.
കേരള ബുക്ക് മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സത്യാനന്തര കാലത്തെ സാഹിത്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.പി. സോമൻ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. മുൻ എം.എൽ.എ കെ.സി രാജഗോപാൽ, മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി മുരളീധരൻ, മൂലൂർ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, ക്യാമ്പ് ഡയറക്ടർ വി.എസ് ബിന്ദു, കമ്മിറ്റിയംഗങ്ങളായ രാജൻ വർഗീസ്, പിങ്കി ശ്രീധർ എന്നിവർ പങ്കെടുത്തു.
ഇന്നും നാളെയുമായി കവിതാ ക്യാമ്പ് തുടരും. ഇന്ന് 'വായനക്കാരുടെ കവിത' എന്ന വിഷയത്തിൽ ഇ.പി രാജഗോപാലൻ ക്ലാസ് എടുക്കും. ഉച്ചയ്ക്ക് 'കവിത പരിഭാഷയിൽ' എന്ന വിഷയത്തെ ആസ്പദമാക്കി കെ.എം അജീർകൂട്ടി ക്ലാസ് എടുക്കും. നാളെ രാവിലെ 'പുതിയ കാലം: കവിയും നിലപാടുകളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടക്കും.