ചെറുകോൽപ്പുഴ: മതങ്ങളുടെ ലക്ഷ്യം മനുഷ്യരെ ധർമ്മ നിഷ്ഠരാക്കുകയെന്നതാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആചാര്യാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

രോഗാതുരമായ നൂറ്റാണ്ടിനെയാണ് നാം അഭിമുഖീകരിക്കുന്നത്. ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും സാമൂഹ്യ ജീർണ്ണതകൾക്കെതിരെ പ്രതികരിച്ചവരാണ്. ആനുകാലിക രാഷ്ടീയ സാഹചര്യങ്ങളെ മനസ്സിലാക്കി സനാതന ധർമ്മത്തെ തകർക്കുന്നതിനുള്ള ശ്രമങ്ങളെ എതിർക്കാൻ കഴിയണം. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ നിഗമനങ്ങൾക്കനുസരിച്ച് നിലപാടുകൾ സ്വീകരിക്കരുത്.

ഇന്ന് നില നിൽക്കുന്ന ജിർണ്ണതകളെ ഇല്ലാതാക്കാൻ മതത്തെക്കുറിച്ചുള്ള ശരിയായ അറിവ് നേടി അടിത്തറ ഉണ്ടാക്കണം. സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതാണ് യുവതലമുറ നേരിടുന്ന പ്രധാന പ്രശ്‌നം. വിവിധ മേഖലകളിൽ മുന്നേറാൻ ഹിന്ദുവിന് കഴിയണം. അതിന് ഗുരുക്കൻമാരുടെ ജീവിതം മാതൃകയാക്കണം. ക്ഷേത്രങ്ങളിൽ മത പാഠശാലകൾ ഉണ്ടാകണമെന്നും സ്വാമി പറഞ്ഞു

വാഴൂർ ആശ്രമത്തിലെ സ്വാമി പ്രഞ്ജാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ, കെ .അയ്യപ്പൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു