project
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹൻ നിർവ്വഹിക്കുന്നു

തിരുവല്ല: അപ്പർക്കുട്ടനാട്ടിലെ താറാവ് കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന താറാവ് കർഷകരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് താറാവ് കുഞ്ഞുങ്ങളുടെ വിതരണ പദ്ധതിക്ക് തുടക്കമിട്ടത്.താറാവ് കർഷകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് 25000 രൂപാ പദ്ധതി വിഹിതവും 25000 രൂപ ഗുണഭോക്തൃ വിഹിതവുമായി 50000 രൂപയുടെ മൂല്യമുള്ള താറാവിൻ കുഞ്ഞുങ്ങളെയാണ് നൽകുന്നത്.പെരിങ്ങര,നെടുമ്പ്രം,കടപ്ര,നിരണം, കുറ്റൂർ പഞ്ചായത്തുകളിലെ താറാവ് കർഷകർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.ഈ പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് 2.50 ലക്ഷം രൂപാ നീക്കിവെച്ചിട്ടുണ്ട്. താറാവ് കർഷകർക്ക് ഏറെ കൈത്താങ്ങാകുന്ന ഇത്തരം പദ്ധതി ജില്ലയിൽ തന്നെ ആദ്യമാണ്.ഓരോ ഗ്രാമപഞ്ചായത്തിലും ലഭ്യമായ കർഷകരുടെ ഗ്രൂപ്പുകൾ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു.സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏക ഡക്ക് ഫാം പ്രവർത്തിക്കുന്ന നിരണത്ത്,പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ നിർവഹിച്ചു.നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോശാമ്മ മജു, ബിനിൽകുമാർ,അംഗങ്ങളായ എം.ബി.നൈനാൻ,അന്നമ്മ വർഗ്ഗീസ്, അലക്‌സ് ആശാൻകുടി,പുളിക്കീഴ് സീനിയർ വെറ്റിനറി സർജൻ ഡോ.എൻ.സുബിയൻ എന്നിവർ പ്രസംഗിച്ചു.

-താറാവ് കർഷകരെ വിവിധ ഗ്രൂപ്പുകളായി തിരിക്കും

-25000 രൂപാ പദ്ധതി വിഹിതവും 25000 രൂപ ഗുണഭോക്തൃ വിഹിതവുമായിരിക്കും

-50000 രൂപയുടെ മൂല്യമുള്ള താറാവിൻ കുഞ്ഞുങ്ങളെയാണ് നൽകുന്നത്

ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 2.50 ലക്ഷം രൂപ