ചെങ്ങന്നൂർ : ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിവിധ പഞ്ചായത്തുകളിൽ കൊറോണ വൈറസ് സംബന്ധിച്ച് ബോധവത്കരണവും പരിശീലനവും നൽകി.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്,പുലിയൂർ, തിരുവൻവണ്ടൂർ,മുളക്കുഴ,വെണ്മണി,ആല,ബുധനൂർ,തുടങ്ങിയ പഞ്ചായത്തുകളിലുമാണ് കൊറോണയുമായി ബന്ധപെട്ട് ബോധവത്ക്കരണ പരിപാടികൾ നടത്തിയത്.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും പുലിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിലായിരുന്നു ബോധവത്ക്കരണം.പാണ്ടനാട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഓഫീസർ ചിത്ര സാബു,ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ എന്നിവർ ബോധവത്ക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.കൊറോണ ഭീതിയൊഴുവാക്കി ജാഗ്രതയോടെ നേരിടുന്നതിന്റെ ഭാഗമായി പാലിക്കേണ്ട വ്യക്തിശുചിത്വം,മുൻകരുതലുകൾ എന്നിവയെക്കുറിച്ച് നിർദേശങ്ങൾ നൽകി.കൈ വൃത്തയായി കഴുകുക, സോപ്പ്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ശുചീകരണങ്ങൾക്കായി ഉപയോഗിക്കുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ശീലമാക്കുക,തുടങ്ങിയ പ്രായോഗിക പരിശീലനവും ക്ലാസിന്റെ ഭാഗമായി നൽകി. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ വീടുകൾ,സ്​കൂളുകൾ,പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത നിർദ്ദേശങ്ങളും നോട്ടീസും വിതരണം ചെയ്തു.