പന്തളം: പറന്തലിൽ നിലം നികത്തലിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ആർ.ടി.ഐ. കേരള ഫെഡേറേഷൻ യോഗം തീരുമാനിച്ചു.യോഗത്തിൽ എം.എ.ബഷീർ അദ്ധ്യക്ഷത വഹിച്ചു.പി.കെ.ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ടി.വൈ.മാത്യു,ജി.ശിവൻ പിള്ള,ബിനു,ജോൺസൺ,ചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. എം.സി. റോഡിൽ പറന്തൽ സർവീസ് സഹകരണ ബാങ്കിനെതിർവശത്ത് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ജനറൽ കൺവെൻഷൻ ഗ്രൗണ്ടിനു വേണ്ടി വാങ്ങിയ അഞ്ചേക്കറോളം സ്ഥലത്തിൽ ഒരേക്കേറോളം വരുന്ന കല്യാണിക്കൽ ഏലായിലാണ് നിലവും കൈത്തോടുകളും നികത്തുന്നത്. പ്രദേശവാസികളിൽ ചിലർ റവന്യൂ അധികൃതർക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പന്തളം തെക്കേക്കര വില്ലേജ് അധികാരികൾ നിരോധന ഉത്തരവു നൽകിയിരുന്നു. നിലം നികത്തലിനുപയോഗിച്ചിരുന്ന ജെ സി ബിയും ടിപ്പറും പന്തളം പാെലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാരിസ്ഥിതിക പ്രശ്‌നം ഉള്ളതിനാൽ ഇതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സമീപവാസികളായ ശാന്തമ്മ, നടേശൻ ആചാരി എന്നിവർ അടൂർ മുൻസിഫ് കോടതിയിൽ പരാതി നൽകി. പിന്നീട് കോടതി വച്ച അഭിഭാഷക കമ്മീഷൻ അഡ്വ.വിനീത് വി.സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ ഒരു സംഘം അസംബ്ലീസ് ഓഫ് ഗോഡ് പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. സംഭവം നടക്കുമ്പോൾ സഭാ സൂപ്രണ്ട് ഡോ.പി.എസ്. ഫിലിപ്പ് അടക്കം സ്ഥലത്തുണ്ടായിരുന്നു.കമ്മീഷൻ ഇടക്കാല റപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. 13നു മുമ്പ് കമ്മീഷൻ പാെലീസ് സംരക്ഷണയിൽ സ്ഥലത്തു പോയി റപ്പോർട്ട് നൽകണമെന്ന് കോടതി ഇന്നലെ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷനിൽ പങ്കെടുക്കുമെന്നു സഭാ ഭാരവാഹികൾ പറയുകയും ഭരണകക്ഷിയിലെ രാഷ്ട്രീയ പാർട്ടിയിലെ ഒരു വിഭാഗം ഇവർക്ക് ഒത്താശ ചെയ്തതോടെയും അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാൻ അധികൃതർ തയാറായില്ല.