പത്തനംതിട്ട : ജില്ലയിൽ കന്നുകാലികളിൽ ചർമ്മമുഴ രോഗം വ്യാപകമാകുന്നു. 114 കന്നുകാലികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാപ്രിപോക്സ് വൈറസിലെ എൽ.എസ്.ഡി (ലംപി സ്കിൻ ഡിസീസ്) എന്ന വൈറസാണ് രോഗം പടർത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്. വൈറസ് ബാധിക്കുന്ന കന്നുകാലികളുടെ ത്വക്കിൽ കട്ടിയുള്ള മുഴകൾ വന്ന് പൊട്ടുകയും വായിൽ നിന്ന് ഉമിനീർ പതഞ്ഞൊഴുകുകയും ചെയ്യും . മനുഷ്യർക്ക് പകരുന്ന രോഗമല്ല ഇത്. കന്നുകാലികളിൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കും. ഓതറ, ആനിക്കാട്, പുറമറ്റം, കുറ്റൂർ, പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, തടിയൂർ, കല്ലൂപ്പാറ, കുന്നന്താനം, തോട്ടപ്പുഴശേരി, ആറന്മുള, കുളനട, അയിരൂർ, കൊടുമൺ തുടങ്ങിയ പഞ്ചായത്തുകളിലും തിരുവല്ല, പന്തളം മുനിസിപ്പാലിറ്റികളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനുവരി 15നാണ് ലംപി സ്കിൻ രോഗം ജില്ലയിൽ സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈ സെക്യുരിറ്റി ലാബിലായിരുന്നു പരിശോധന. കഴിഞ്ഞ വർഷം ഒറീസയിലാണ് രാജ്യത്ത് ആദ്യമായി രോഗം ആദ്യമായി കണ്ടെത്തിയത്.

--------------------------

എങ്ങനെ തടയാം

>മറ്റ് കന്നുകാലികളുടെ ഉടമകൾ രോഗ ബാധിതരുള്ള പശുതൊഴുത്തുകൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.

>അസുഖമുള്ള കന്നുകാലികളെ പരിചരിക്കുന്നവർ ആരോഗ്യമുള്ള കന്നുകാലികളെ പരിചരിക്കരുത്.

>രോഗമുള്ള കന്നുകാലികൾക്ക് ഭക്ഷണവും പാത്രവും മാറ്റി നൽകുക. അത് മറ്റുള്ള കന്നുകാലികൾക്ക് നൽകാതിരിക്കുക.

>രോഗബാധയുള്ള തൊഴുത്തുകൾ എല്ലാ ദിവസവും അണുനാശിനി ഉപയോഗിച്ച് കഴുകുക.

-----------------------

എന്താണ് രോഗം

കന്നുകാലികളുടെ ശരീരത്തിൽ പലഭാഗത്തായി അഞ്ചുസെന്റീമീറ്ററിൽ കുറയാതെ വൃത്താകൃതിയിൽ മുഴ കണ്ടുവരുന്നതാണ് ചർമ്മമുഴ രോഗം. പ്രധാനമായും ഇൗച്ച, കൊതുക് എന്നിവയിലൂടെയാണ് രോഗം പടരുന്നത്. രോഗം ബാധിച്ചുകഴിഞ്ഞാൽ മൃഗങ്ങൾക്ക് മൂക്കൊലിപ്പും കണ്ണിൽ നിന്ന് നീരൊലിപ്പും കഴലവീക്കും ക്ഷീണവും അനുഭവപ്പെടും. കൂടുതൽ സമയം കിടക്കുക, വയറ്റിളക്കം, കറവയുള്ള പശുക്കൾക്ക് പാല് കുറയുകെഎന്നിവയാണ് ലക്ഷണങ്ങൾ.

--------------

ജില്ലയിൽ രോഗം കണ്ടെത്തിയത് ജനുവരി 15ന്

-------------------------

പാൽ കുറയാൻ സാദ്ധ്യതയുണ്ടെങ്കിലും വലിയ അപകടകരമായ അവസ്ഥയില്ല. മരണവും ഗർഭം അലസലും അപൂർവമായി ഉണ്ടാകുന്നുണ്ട്. വലിയ ആശങ്ക വേണ്ട. പ്രതിരോധ വാക്സിൻ നൽത്തുടങ്ങിയിട്ടുണ്ട്.

തോമസ് ഏബ്രഹാം

ചീഫ് വെറ്ററിനറി ഓഫീസർ