കൊടുമൺ : ഒറ്റതേക്ക് വോളിബോൾ കോർട്ട് ഗ്യാലറിയുടെ നവീകരണം പൂർത്തിയായി. പെയിന്റിംഗ് ജോലികൾ പുരോഗമിക്കുകയാണിപ്പോൾ. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള വോളിബോൾ മത്സരങ്ങൾ നടത്താൻ പറ്റുന്ന രീതിയിലാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലുമായി ചേർന്ന് പൈക്ക പദ്ധതി പ്രകാരം ഇവിടെ കോർട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതേ മാതൃകയിൽ അങ്ങാടിക്കൽ എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിലും വോളിബോൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്.വോളിബോൾ കോർട്ടിനോട് ചേർന്നു തന്നെ ദേശീയ നിലവാരത്തിലുള്ള ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് നിർമ്മാണവും ഉടൻ ആരംഭിക്കുന്നു. മഴക്കാലത്ത് ഗ്രൗണ്ടിൽ വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനുവേണ്ടി ഗ്രൗണ്ടിനു ചുറ്റും ഡ്രെയിനേജ് നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. പുരുഷ വനിതാ കായികതാരങ്ങൾക്ക് വസ്ത്രം മാറാനും സാധനങ്ങൾ സൂക്ഷിക്കുവാനും വിശ്രമത്തിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുചിത്വ മിഷന്റെ സഹായത്തോടുകൂടി ടോയ്‌ലറ്റ് സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്.ജില്ലയിലെ തന്നെ ഏറ്റവും മികച്ച വോളിബോൾ സ്റ്റേഡിയമാണിത്. വോളിബോൾ മത്സരങ്ങൾ നടക്കുന്ന സമയത്ത് ഗ്യാലറിയിൽ വനിതാ പങ്കാളിത്തം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം കൂടിയാണിത്.
"ഉടൻ തന്നെ ദേശീയ നിലവാരത്തിലുള്ള വോളിബോൾ ടൂർണമെന്റോടുകൂടി സ്റ്റേഡിയം കായിക പ്രേമികൾക്കായി തുറന്നു കൊടുക്കും.
വി.ആർ ജിതേഷ് കുമാർ
(പഞ്ചായത്ത് അംഗം)