09-kootavanchi
രക്ഷാപ്രവർത്തനം നടത്തിയ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചിൽക്കാർക്ക് വനംവകുപ്പിന്റെ ആദരവ്

തണ്ണിത്തോട്: മഹാപ്രളയത്തിൽ രക്ഷകരായ അടവി കുട്ടവഞ്ചി തുഴച്ചിൽക്കാർക്ക് വനംവകുപ്പിന്റെ ആദരം. നടുവത്തുമൂഴി റേഞ്ചിലെ കരുപ്പാൻതോട് മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ. രാജു 26 തുഴച്ചിൽക്കാർക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകിയത്.

തുഴച്ചിൽക്കാർക്ക് ചടങ്ങിൽ പങ്കെടുക്കണ്ടതിനാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് അവധിയായിരുന്നു.

2018 ആഗസ്റ്റിലെ പ്രളയത്തിൽ ജില്ലയിലെ പല പ്രദേശങ്ങളിലും ഇവർ രക്ഷകരായെത്തി. റാന്നി, ആറൻമുള കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിൽ നിന്നായി 2000 പേരെയാണ് കുട്ടവഞ്ചികളിൽ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതെന്ന് അന്ന് എലിമുള്ളംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ സെക്രട്ടറിയായിരുന്ന ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.ശ്രീജിത്ത് പറഞ്ഞു. 24 കുട്ടവഞ്ചികളും, 26 തുഴച്ചിൽക്കാരുമാണ് രാത്രിയും പകലും ഒരുപോലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ഇവരെ സഹായിക്കാൻ റാന്നി, കോന്നി വനം ഡിവിഷനുകളിലെ വന സംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് വള്ളങ്ങളേക്കാൾ നല്ലത് കുട്ടവഞ്ചിയാണെന്ന് ബോദ്ധ്യപ്പെട്ടതോടെ റാന്നി, കോന്നി ഡി.എഫ്.ഒ മാരുടെ നേതൃത്വത്തിൽ റേഞ്ചുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തനം ഏകോ പിപ്പിക്കുകയായിരുന്നു.