തിരുവല്ല: കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികളെ ദുരിതത്തിലാക്കുന്ന വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ കഴിഞ്ഞാൽ എൻ.ആർ.ഐ സ്റ്റാറ്റസ് നഷ്ടമാകുന്ന പുതിയ വ്യവസ്ഥ പ്രവാസികളെ വലയ്ക്കും. വിദേശത്ത് ചില കമ്പനികൾ തൊഴിൽ കുറവുള്ളപ്പോൾ ആറുമാസം വരെ തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കുന്നത് പതിവാണ്.ചില പെട്രോളിയം കമ്പനികളിലും മറൈൻ ജോലി ചെയ്യുന്നവരുമൊക്കെ ആറുമാസം ജോലിയില്ലാതെ നാട്ടിൽ കഴിയുന്നവരാണ്. ഇവരെയൊക്കെ പുതിയ നിയമം ദുരിതത്തിലാക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും എം.പിമാരും പ്രശ്‍നത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണം.പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറിയത് സ്വാഗതാർഹമാണെന്നും യോഗം വിലയിരുത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ജോർജ്ജ് ജോസഫ്, തോമസ് ജോർജ്ജ്, ബേബി കുണ്ടുകുളങ്ങര, വർഗീസ്, ഷിബു മാത്യു, ഇ.പി മാത്യു, ടി.പി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.