പത്തനംതിട്ട : സംസ്ഥാനത്ത് പുതിയതായി 25 ഫോറസ്റ്റ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് മന്ത്രി അഡ്വ കെ.രാജു പറഞ്ഞു. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ മന്ദിരത്തിന്റെയും ജീവനക്കാർക്കുള്ള ഡോർമിറ്ററിയുടെയും ഉദ്ഘാടനം കക്കുടുമണ്ണിലെ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സ്റ്റേഷൻ മാതൃകയിൽ ഫോറസ്റ്റ് സ്റ്റേഷനുകളിലും മേഖലതിരിച്ച് വനം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും വനം,വന്യജീവി വിഭവങ്ങൾ പരിപാലിക്കുന്നതിനും വിപുലമായ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊന്തൻപുഴ ഭൂമി പ്രശ്‌നത്തിൽ 451 കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ പുതിയതായി നൽകപ്പെട്ട രേഖകൾ പരിശോധിക്കുവാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്ന് മന്ത്രി പറഞ്ഞു.
രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജൻ നീറംപ്ലാക്കൽ, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പർ ആനിയമ്മ അച്ചൻകുഞ്ഞ്, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി.മാത്തച്ചൻ, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ആർ പ്രസാദ്, അഡ്വ. മനോജ് ചരളേൽ, ജയിംസ് പി.സാമുവേൽ, ആലിച്ചൻ ആറൊന്നിൽ, സമദ് മേപ്പുറത്ത്, സജി നെല്ലുവേലിൽ എന്നിവർ പ്രസംഗിച്ചു.