പത്തനംതിട്ട : മാരാമൺ കൺവൻഷന്റെ 125ാമത് യോഗം ഇന്ന് തുടങ്ങും. 16 വരെ പമ്പാനദിയുടെ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിലാണ് കൺവെൻഷൻ നടക്കുക. ഇന്നലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രാർത്ഥനാ സംഗമങ്ങളുടെ സമാപനം കൺവെൻഷൻ നഗറിൽ നടന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 ന് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. എപ്പിസ്‌കോപ്പാമാരായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ജോസഫ് മാർ ബർന്നബാസ്, തോമസ് മാർ തിമഥിയോസ്, ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, ആർച്ച് ബിഷപ്പ് കെയ് മാരി ഗോഡ്‌സ്‌വർത്തി (ഓസ്‌ട്രേലിയ), ബിഷപ്പ് ഡിനോ ഗബ്രിയേൽ (സൗത്ത് ആഫ്രിക്ക), റവ.ഡോ.മോണോദീപ് ഡാനിയേൽ (ഡൽഹി), റവ.ഡോ.ജോൺ സാമുവേൽ (ചെന്നൈ) എന്നിവരാണ് ഈ വർഷത്തെ മുഖ്യ പ്രസംഗകർ.

2020 ലെ മാരാമൺ കൺവെൻഷൻ ശതോത്തര രജതജൂബിലിയായി ആഘോഷിക്കും.

നാളെ മുതൽ ശനി വരെ രാവിലെ 10.00 നും ഉച്ചയ്ക്ക് 2.00 നും വൈകിട്ട് 5 നും നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമുള്ള ബൈബിൾ ക്ലാസുകളും കുട്ടികളുടെ യോഗവും നടക്കും.

കെ.എസ്.ആർ.ടി.സി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സർവീസ് നടത്തും.