അടൂർ : ടൂറിസം പദ്ധതിയെന്നാണ് പേരെങ്കിലും പായൽവാരലിലൂടെ കീശ വീർപ്പിക്കാനുള്ള മാർഗമായി പുതിയകാവിൽ ചിറ മാറിയിരിക്കുന്നു. ഏറ്റവും ഒടുവിൽ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികൾക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. വർഷങ്ങളായി പദ്ധതിയുടെ ഗതികേട് കണ്ട് മടുത്തമട്ടിലാണ് ജനങ്ങൾ. ഒാരോ വർഷവും കോടികളുടെ വികസനപദ്ധതികളാണ് ചിറയുടെ പേരിൽ പ്രഖ്യാപിക്കുന്നത്. ഇതെല്ലാം നടപ്പായിരുന്നെങ്കിൽ ഏറ്റവും മികച്ച ടൂറിസം പദ്ധതിയായി മാറിയേനേ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്.

പുതിയകാവിൽ ചിറ : എം.സി റോഡിന് സമീപം 4.5 ഏക്കറിൽ

2015 ഓഗസ്റ്റ് 21: ചിറയുടെ നവീകരണം ആദ്യഘട്ടം, രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപനം.

പദ്ധതിയിൽ:

പെഡൽ ബോട്ടിംഗ്, മ്യൂസിക് ഫൗണ്ടേഷൻ, സൈക്കിൾ ട്രാക്ക്, നടപ്പാത, തണൽ അക്വേറിയം, തൂക്കുപാലം.

2017 - 18 വർഷത്തിൽ ഡി. ടി. പി. സി 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. (പഠനം നടത്തി ടൂറിസം വകുപ്പിന്റെ വർക്കിംഗ് കമ്മിറ്റിയിൽ തീരുമാനമെടുത്തെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി അട്ടിമറിക്കപ്പെട്ടു)

2020 ബഡ്ജറ്റിൽ : 5 കോടി

ഇന്നത്തെ അവസ്ഥ

പുതിയകാവിൽചിറ കാടും പായലും കയറിയ നിലയിലാണ്. നല്ലൊരു പങ്ക് സ്വകാര്യ വ്യക്തികൾ കൈയേറി. ചിറയിലേക്ക് ആളുകൾ പ്രവേശിക്കേണ്ട പ്രധാന കവാടം അടച്ചു പൂട്ടി. ചിറയ്ക്ക് ചുറ്റും നിർമ്മിച്ച നടപ്പാത കാടുകയറി കാണാൻ പറ്റാത്തവിധമായി, നടപ്പാതയിൽ തറയോടു പാകിയത് മിക്കതും ഇളകിനശിച്ചു. ചിറയാകട്ടെ പൂർണ്ണമായും ആഫ്രിക്കൻ പായൽമൂടി. കുട്ടികളുടെ കളിക്കോപ്പുകളും അലങ്കാര കസേരകളും നശിച്ചു. അലങ്കാര ലൈറ്റുകൾ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വിശ്രമകേന്ദ്രമായ ആരാം പൂട്ടിയതോടെ സാമൂഹ്യവിരുദ്ധർ താവളമാക്കി.

പദ്ധതികൾ ഒരുക്കിയാൽ മാത്രം പോരാ, അത് വിജയകരമായി നടപ്പാക്കാനുമാകണം. അതില്ലാതെ പോയതാണ് പുതിയകാവിൽച്ചിറയുടെ നാശത്തിന് കാരണം.

അഡ്വ. ബിജു വർഗീസ്,

അടൂർ നഗരസഭ കൗൺസിലർ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ പദ്ധതിക്കാണ് ഇപ്പോൾ ബഡ്ജറ്റിൽ പണം അനുവദിച്ചത്. ബഡ്ജറ്റിൽ ഇടംപിടിച്ചതോടെ പുതിയകാവിൽ ചിറ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള വഴിതെളിഞ്ഞു. നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് ഇത് മുതൽക്കൂട്ടാകും.

ചിറ്റയം ഗോപകുമാർ എം. എൽ. എ