കടമ്പനാട് : ജില്ലയിൽ അടൂരിൽ അനുവദിച്ച താലൂക്ക് ഹോമിയോ ആശുപത്രി നെല്ലിമൂട്ടിൽ പടിക്കുസമീപം കനാൽറോഡരുകിലെ കെ.ഐ.പി വക സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനം. ബഡ്ജറ്റിൽ 8 കോടിരൂപയാണ് സർക്കാർ ഹോമിയോ ആശുപത്രിക്കായി വകയിരുത്തിയത്. ഹോമിയോപ്പതിയുടെ ജില്ലാ ഒാഫീസ് അടൂർ റവന്യൂടവറിലുള്ള വാടകകെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.ജില്ലയിൽ എല്ലാപഞ്ചായത്തിലും ഹോമിയോ ഡിസ്പൻസറികളും പ്രവർത്തിക്കുന്നുണ്ടങ്കിലും താലൂക്ക് ആശുപത്രിയായി പ്രവർത്തനം ഇല്ല. അലോപതിയിൽ ഇപ്പോൾ തുടക്കമിട്ട ആർദ്രം പദ്ധതിയുടെ മാതൃകയിലാണ് താലൂക്ക് ഹോമിയോ ആശുപത്രിപ്രവർത്തിക്കുക. 25 കിടക്കളുള്ള ആശുപത്രിയായിട്ടാണ് പ്രവർത്തനം ആരംഭിക്കുക.നാഷണൽ ഹെൽത്ത് മിഷനാണ് പ്രാഥമിക രൂപകല്പന നിർവഹിച്ചത്. പ്രശസ്ത ചിത്രസംവിധായകൻകൂടിയായ ഡോ.ബിജുവാണ് ഹോമിയോപതി ജില്ലാ മെഡിക്കൽ ഒാഫീസർ. അദ്ദേഹത്തിന്റെ ആശയമാണ് താലൂക്ക് ഹോമിയോ ആശുപത്രി എന്ന ആശയത്തിന് പിന്നിൽ.ചിറ്റയം ഗോപകുമാർ എം.എൽ.എ , മന്ത്രിമാരായ ഷൈലജ, തോമസ് ഐസക് എന്നിവർക്ക് ഡോ.ബിജു നന്ദി രേഖപെടുത്തി.