കോന്നി : സമൂഹത്തെ അറിഞ്ഞുള്ള വിദ്യാഭ്യാസം നാടിന് ഗുണകരമാകുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നി എസ്.എൻ പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ 28-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെയും ചുറ്റുപാടുകളെയും ഓരോ വിദ്യാർത്ഥികളും നന്നായി മനസിലാക്കാൻ ശ്രദ്ധിക്കണം. അവിടെ നടക്കുന്ന നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. എങ്കിലേ നല്ല മനുഷ്യരാകാൻ കഴിയു. സമൂഹത്തിന്റെ മനസറിഞ്ഞ് നല്ല രീതിയിൽ വളരുന്ന കുട്ടികൾ ഉന്നതിയിൽ എത്തിച്ചേരും. ഇതുവഴി നാടിന് വികസനവും പുരോഗതിയും കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജരും ഐ.ടി.ഡി.സി ഡയറക്ടറുമായ കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് കേരളത്തിലെ സി.ബി.എസ്.സി സ്കൂളുകൾക്ക് മാതൃകയായി മാറാൻ കോന്നി എസ്.എൻ പബ്ളിക് സ്കൂളിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ശ്രീനാരായണ ഗുരുദേവന്റെ ദർശനം അർപ്പണ ബോധത്തോടെ യാഥാർത്ഥ്യമാക്കുന്നതാണ് സ്കൂളിന്റ സമസ്ത പുരോഗത്തിക്കും ഉന്നതിക്കും കാരണം. ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഇതിന് തെളിവാണ്. തുടർച്ചയായി സ്കൂൾ നൂറു ശതമാനം വിജയിത്തിലാണ് മുന്നേറുന്ന
തെന്ന് അദ്ദേഹം പറഞ്ഞു.
കലാസന്ധ്യ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കോന്നി സി.ഐ
എസ്. അഷാദ് സമ്മാനദാനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, സ്‌കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, ബിനിലാൽ, കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ജി.സോമനാഥൻ, പി.സലിംകുമാർ, പി.കെ.പ്രസന്നകുമാർ, സുരേഷ്ചിറ്റിലക്കാട്ട്, യൂണിയൻ കൗൺസിലർമാരായ കെ.എസ്.സുരേശൻ, എസ്. സജിനാഥ്, പി.വി രണേഷ്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലിലനാഥ്, അഡ്മിനിസ്‌ട്രേറ്റർ എം.കെ ശ്രീലാൽ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, സ്കൂൾ ലീഡർ ഗൗതം പത്മകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.