മല്ലപ്പള്ളി: വലിയകാവ് പൊന്തൻപുഴ പെരുമ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ വനം കൈയേറിയെന്ന് ആരോപിച്ച് വർഷങ്ങളായി ഇവിടെ താമസിച്ചുവന്നവർക്ക് പട്ടയം ലഭിക്കുവാനുള്ള സാദ്ധ്യതയേറി. സർവേ മാപ്പിൽ വന്ന തിരുത്തണമെന്ന് കാലങ്ങളായി അധിവസിച്ച ഭൂമി അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് വിവിധ തലങ്ങളിൽ ശ്രമം നടത്തിയെങ്കിലും നാളിതുവരെ ഇവിടുത്തുകാരുടെ പ്രശ്‌നങ്ങൾ പരിഹാരം കണ്ടെത്താനായിരുന്നില്ല. ഈയിടെ ജില്ലയിൽ പട്ടയമേള നടത്തിയപ്പോഴും അഞ്ഞൂറോളം വരുന്ന ഇവിടുള്ളവരെ ഒഴിവാക്കിയിരുന്നു. വലിയ പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെയാണ് അതിര് നിർണയിച്ച് രേഖപ്പെടുത്തിയ ഭൂപടം ലഭിച്ചതായി സൂചനയുള്ളത്. ജില്ലകൾ അതിര് പങ്കിടുന്ന ഈ പ്രദേശത്തെ പത്തനംതിട്ടയിലെ മുഖ്യ വനപാലകന് കോട്ടയം ജില്ലാ ഓഫീസിൽ നിന്നുമാണ് ഇപ്പോൾ ഭൂപടം ലഭിച്ചതെന്ന് പറയപ്പെടുന്നു.1958ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലുള്ളതും, 1997ൽ പുറത്തിറക്കിയ ഭൂപടം തമ്മിൽ വലിയ സാദൃശ്യം ഉള്ളതാണ്. കർഷകരുടെ കൈവശമുള്ള 274 ഏക്കർ ഭൂമി ഇതിൽ വൃക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വനപരിധിക്ക് പുറത്താണ്. വനഭൂമി പതിച്ചു നൽകുകയാണ് സാധാരണ പതിവെങ്കിൽ ഇവിടെ കൃഷിഭൂമി വനഭൂമിയാക്കുകയും അത് തിരിച്ചുനൽകുകയുമാണ് അധികാരികൾ ചെയ്യേണ്ടതെന്ന് സമര സമിതി നേതാക്കൾ പറയുന്നു. മല്ലപ്പള്ളി തഹസീൽദാരുടെ പരിധിയിൽ വരുന്ന ഈ പ്രദേശത്തെ സംബന്ധിച്ച് റവന്യൂവകുപ്പ് സർവേ നടത്തി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് ലഭിച്ചാൽ ഉടൻ പട്ടയം വിതരണം ചെയ്യുമെന്നാണ് സർക്കാർ പലഘട്ടത്തിലും അറിയിച്ചിട്ടുള്ളത്.വനാതിർത്തി സംബന്ധിച്ച പഴയ മാപ്പ് കിട്ടിയതിനാൽ ഇനി നടപടികൾ ദ്രുതഗതിയാക്കണമെന്നതാണ് ഇവിടുത്തുകാരുടെ ആവശ്യം.