09pacha
തുമ്പമൺ നോർത്തിൽ വരണ്ടുണങ്ങിയ പച്ചതുരുത്ത്

പത്തനംതിട്ട : വനവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച പച്ചതുരുത്ത് വരണ്ടുണങ്ങി നശിക്കുന്നു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് സർക്കാർ പച്ചതുരുത്ത് പദ്ധതി ആവിഷ്കരിക്കുന്നത്. ചെറുവനങ്ങൾ ഉണ്ടാക്കി ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ കനത്ത വേനലിൽ ഇവ വരണ്ടുണങ്ങുകയാണ്. ചെന്നീർക്കര പഞ്ചായത്തിലെ 12-ാം വാർഡിലെ പച്ചതുരുത്താണ് വരണ്ടുണങ്ങി ആരും സംരക്ഷിക്കാനില്ലാതെ നശിക്കുന്നത്. തുമ്പമൺ നോർത്ത് അച്ചൻ കോവിലാറിന്റെ തീരത്താണിത്. പഞ്ചായത്ത് തൊഴിലുറപ്പ് ജീവനക്കാരെ ചേർത്താണ് പദ്ധതി തുടക്കം കുറിച്ചത്. എന്നാൽ മറ്റ് പണികൾ ഉള്ളതിനാൽ തൊഴിലുറപ്പ് കാർക്ക് പച്ചതുരുത്ത് ശ്രദ്ധിക്കാൻ കഴിയാറില്ല. ആര്യവേപ്പ്, അഗസ്തി ചീര, കണിക്കൊന്ന,ഞാവൽ, നെല്ലി,നീർമരുത്, ദന്തപ്പാല,മാതള നാരകം തുടങ്ങിയ ഔഷധ ഗുണമുള്ള സസ്യങ്ങളും മരങ്ങളുമാണ് അച്ചൻകോവിലാറിന്റെ തീരത്ത് നട്ടിരുന്നത്. ഇവയ്ക്കെല്ലാം ധാരാളം വെള്ളം ആവശ്യമുള്ള മരങ്ങളാണ്.ആറ്റിൽ വെള്ളം ഉണ്ടെങ്കിലും മരങ്ങൾക്ക് വെള്ളം നനയ്ക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കാത്തതാണ് കാരണം. ഇപ്പോൾ പകുതിയും നശിച്ച മട്ടാണ്.

പച്ചതുരുത്ത്

നിലവിലുള്ള കാർഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനയ്ക്ക് മാറ്റം വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതുസ്വകാര്യ സ്ഥലങ്ങളിൽ പ്രദേശത്തിന്റെ സവിശേഷതകൾക്ക് ഇണങ്ങുന്ന വൃക്ഷങ്ങൾ നട്ടുവളർത്തി ചെറുവനങ്ങളായി രൂപപ്പെടുത്തുക എന്ന ഹരിതകേരളം മിഷന്റെ ആശയമാണ് പച്ചത്തുരുത്ത്. കാലാവസ്ഥയെ നിയന്ത്രിക്കാനും വ്യതിയാനങ്ങളെ ചെറുക്കാനും വനം ആവശ്യമാണ്. ഇതിനായുള്ള പ്രതിരോധ മാതൃകയാണ് പച്ചതുരുത്ത്. ഹരിത കേരള മിഷൻ തദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

"ഇപ്പോൾ പൂർണമായി നട്ട എല്ലാ തൈകളും കരിഞ്ഞുണങ്ങി പോയി . ഇനി പുതിയവ നടാനെ പറ്റു. കൃത്യമായ മേൽനോട്ടമുണ്ടായിരുന്നെങ്കിൽ നല്ല പദ്ധതിയായിരുന്നു. ഇനിയെങ്കിലും നല്ല തൈകൾ നട്ട് സംരക്ഷിക്കണം. "

പ്രദീപ് കുമാർ

(പ്രദേശവാസി)

വരണ്ടുണങ്ങിയത് ചെന്നീർക്കര പഞ്ചായത്തിലെ

12-ാം വാർഡിലെ പച്ചത്തുരുത്ത്

ജില്ലയിൽ ആകെ 51 പച്ചതുരുത്തുകൾ