റാന്നി: എസ്.എൻ.ഡി.പിയോഗം റാന്നി യൂണിയന്റെയും ഗുരുധർമ്മ പ്രചരണസഭ ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തിൽ 25-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷന് മാടമൺ പമ്പാ മണൽപ്പുറത്ത് ആരംഭിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച രണ്ട് സംഘടനകളായ എസ്.എൻ.ഡി.പിയോഗവും ശ്രീനാരായണ ധർമ്മസംഘവും കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇത് സമൂഹത്തിന് മാതൃകയാണെന്നും സ്വാമി പറഞ്ഞു. ഗുരുവിന്റെ മഹാസമാധിയുടെ നവതിയാഘോഷം 2017ൽ ശിവഗിരിയിൽ നടന്നത് ഇരുസംഘടനകളുടെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളുടെ തുടക്കമായിരുന്നു. എസ്.എൻ.ഡി.പിയോഗത്തിന്റെ നേതൃത്വത്തിൽ 6000 വനിതകളെ പങ്കെടുപ്പിച്ച് നടത്തിയ ഗുരുദേവ കൃതിയായ കുണ്ഡലനിപ്പാട്ടിന്റെ നൃത്താവിഷ്‌കാരം ഗിന്നസ് വേൾഡ് റെക്കാഡിൽ ഇടം നേടിയത് സംഘടനയുടെ മികവാണ്. മനുഷ്യജീവിതത്തിൽ ആത്മീയ അടിത്തറയിൽ ഉറച്ച് നിന്നുകൊണ്ട് ഭൗതീകമായ തലങ്ങളിൽ വളരേണ്ടതിന്റെ ആവശ്യകത ഗുരു ദർശനങ്ങളിലൂടെ കാട്ടിതന്നു. ശ്രീനാരായണ ദർശനം പഠിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായി 25 വർഷങ്ങളായി പമ്പയുടെ തീരത്ത് നടക്കുന്ന ഈ കൺവെൻഷനിലൂടെ കഴിയണമെന്നും സ്വാമി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയൻ ചെയർമാൻ പി.ആർ. അജയകുമാർ, സ്വാഗതസംഘം കൺവീനർ പി.എൻ.മധുസൂദനൻ, ജനറൽ കൺവീനറർ എം.എസ്.ബിജു, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തംഗം നീന സുരേഷ്, ഗുരുധർമ്മ പ്രചാരണ സഭാ റാന്നി മണ്ഡലം പ്രസിഡന്റ് സി.എസ്. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.