മാരാമൺ : അഭിപ്രായങ്ങളോട് യോജിക്കാത്തവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി തുറുങ്കലിൽ അടയ്ക്കുന്നതും നാടുകടത്തുന്നതും ഭരണാധികാരികൾക്ക് ഭൂഷണമല്ലെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. 125ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യമല്ല ഇപ്പോഴത്തെ അധികാരവർഗം സൃഷ്ടിക്കുന്നത്. ഗാന്ധിജിയുടെ രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരുന്നു. ദൈവത്തിന്റെ വചനം ഉൾക്കൊണ്ട് രൂപാന്തരം ഉണ്ടായി നീതിബോധത്തോടും വിനയത്തോടുംകൂടി ജീവിക്കാൻ തയ്യാറാകണം.
ദൈവത്തിന്റെ ദാനങ്ങളായി ഭൂമിയെയും പ്രകൃതിയെയും ജലത്തെയും മനുഷ്യനുവേണ്ടി സൃഷ്ടിച്ചു. എന്നാൽ സമ്പത്തിനുവേണ്ടിയുള്ള അത്യാർത്തികൊണ്ട് മനുഷ്യൻ ഇവയൊക്കെ വികലമാക്കുകയും മലിനപ്പെടുത്തുകയും ചെയ്തു. നദിയെയും പ്രകൃതിയെയും വികലമാക്കിയത് മൂലം ശ്വസിക്കാൻ വായു പോലും പണംകൊടുത്ത് വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
സുവിശേഷ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു.
മാർത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാരായ ഗീവർഗീസ് മാർ തിയഡോഷ്യസ്, തോമസ് മാർ തിമോത്തിയോസ്, ഐസക്ക് മാർ പീലക്‌സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്, തോമസ് മാർ തീത്തോസ്, മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാദ്ധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്‌നോത്തിയോസ്, സി.എസ്.ഐ ബിഷപ്പ് ഉമ്മൻ ജോർജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എ മാരായ വീണാ ജോർജ്, പി.സി. ജോർജ്, മാത്യു ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാർ, മുൻ എം.പി കെ.ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. റവ. ഡിനോ ഗബ്രിയേൽ മുഖ്യ പ്രഭാഷണം നടത്തി.
പൗരത്വ ബില്ലിനെതിരെ വിമർശനം
കേന്ദ്ര സർക്കാർ നടപ്പാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ മാരാമൺ കൺവെൻഷനിലെ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് മെത്രാപ്പൊലീത്ത പ്രതിഷേധിച്ചു.
മാർത്തോമാ സഭയുടെ ഔദ്യോഗിക നിലപാടാണ് താൻ പറയാൻ പോകുന്നതെന്ന് ആമുഖമായി പറഞ്ഞായിരുന്നു തുടക്കം. മോദി സർക്കാർ കൊണ്ടുവന്ന ബില്ലിനെക്കുറിച്ച് അഭിപ്രായം പറയാൻ സഭയ്ക്ക് ഇനി കാത്തിരിക്കാൻ കഴിയില്ല .സി.എ.എയും എൻ.പി.ആറും ഭരണഘടനാ ലംഘനമാണ് .ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരണം. മതപരമായ വിഭജനത്തിന്റെ ഓർമ്മകൾക്ക് ആക്കം കൂട്ടുന്നതിനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും ഇത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.