10-sob-reji-thomas

തിരുവല്ല : സ്‌കൂൾ ഹോസ്റ്റലുകളിലടക്കമുള്ള വിദ്യാർത്ഥികൾക്ക് നൽകാനായി കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കൻ പൊലീസിന്റെ പിടിയിലായി. ഇടുക്കി ഉടുമ്പിൻചോല അയ്യപ്പൻകോവിൽ മാട്ടുക്കട മടപ്പള്ളിൽ വീട്ടിൽ റെജിതോമസ് ( 49 ) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. എം.ജി.എം ഹയർ സെക്കന്ററി സ്‌കൂൾ ഹോസ്റ്റലിന് സമീപത്ത് നിന്ന് ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ബാഗിൽ ഒളിപ്പിച്ച നിലയിലുള്ള കഞ്ചാവുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. പാെലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റെജിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് കൈമാറാനായി കഞ്ചാവുമായി ഒരാൾ എത്തിയിട്ടുണ്ടെന്ന്‌ പാെലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ് . ഇടുക്കിയിൽ നിന്നുള്ള നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് ബസ് മാർഗ്ഗം എത്തിച്ചിരുന്നതെന്ന്‌ പൊലീസ് പറഞ്ഞു. സി.ഐ പി.ആർ.സന്തോഷ്, എസ്. ഐ സുരേഷ്, എ.എസ്.ഐ ബിജുകുമാർ, സി.പി.ഒമാരായ സജിത് രാജ്, മനോജ് കുമാർ , ശരത് ചന്ദ്രൻ എന്നിവരുടെനേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.