ayroor-hindumatha

ചെറുകോൽപ്പുഴ: ആദ്ധ്യാത്മികമായ ഒരു സംസ്​കൃതിയെ നാം വളർത്തിയെടുക്കണമെന്ന് സ്വാമി ഗണപതി സച്ചിദാനന്ദ സരസ്വതി. അയിരൂർ​ചെറുകോൽപ്പുഴ അഷ്‌​ടോത്തരശത ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഭക്തി പൂർവ്വമുള്ള പ്രാർത്ഥനയും ഈശ്വരനിലുള്ള വിശ്വാസവും മനുഷ്യനെ ദുരന്ത മുഖത്തു നിന്നും രക്ഷപ്പെടുന്നതിന് സഹായിക്കും. ഭാരത സംസ്​കൃതിയുടെ സ്പന്ദനങ്ങളാണ് മതസമ്മേളനങ്ങൾ. വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കുമ്പോൾ അഖണ്ഡമായി ഭാരതം നിൽക്കുന്നു. അതിനു കാരണം ഭാരത സംസ്​കൃതി ഒന്ന് മാത്രമാണ്. പാരാമ്പര്യങ്ങളും ഐതിഹ്യങ്ങളും എല്ലാം ഉൾക്കൊള്ളുന്ന ഒരു ഉപാസനയാണ് ഇവിടെ നടക്കുന്നത്. പഴയതൊന്നും വലിച്ചെറിയാൻ കഴിയില്ല. മനസ്സിനെ സംതൃപ്തമാക്കുന്നത് ഭാരത സംസ്​കൃതിയാണ്. സാഹോദര്യമായ സമന്വയമായതിനാലാണ് ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നത്. ലോക ഐക്യത്തിനും പരസ്പര സ്‌​നേഹത്തിനും സമഭാവനയ്ക്കുമായി സമൂഹമായി പ്രാർത്ഥിക്കണം. ഇശ്വരൻ സത്യമാണ്. മിഥ്യയായ വേഷംകൊണ്ട് സത്യമായ ഈശ്വരനെ സാക്ഷാത്കരിക്കാൻ കഴിയില്ല. പവിത്രമായ ജീവൻ ഉപയോഗിച്ചുകൊണ്ടുള്ള ഉപാസനയാണ് അതിന് ആദ്യം വേണ്ടത്. ഉപാസനയിൽക്കൂടി മാത്രമേ ജീവിതത്തെ ഉന്നതമാക്കുവാൻ കഴിയൂ അദ്ദേഹം പറഞ്ഞു. അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാനം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി അദ്ധ്യക്ഷനായി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സമാപന സന്ദേശം നൽകി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് എന്നിവരെ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ആദരിച്ചു. മോഹൻ ഫൗണ്ടേഷൻ ചെയർമാൻ മോഹൻജി. മഹാമണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ഡി.രാജഗോപാൽ, അനൂപ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.