കോന്നി: കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോന്നി മെഡിക്കൽ കോളേജിന് സമീപമായി 8 ഏക്കർ സ്ഥലത്താണ് കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണം തുടങ്ങുന്നത്. 29.5 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന വിദ്യാലയത്തിന്റെ ചുറ്റുമതിലും ജീവനക്കാർക്ക് താമസത്തിനായി ക്വാർട്ടേഴ്സുകളുമാണ് ആദ്യഘട്ടമായി നിർമ്മിക്കുന്നത്. ഇതിനോടനുബന്ധമായി ടേബിൾ ടെന്നീസ്, ബാസ്‌ക്കറ്റ് ബോൾ, ടെന്നീസ് എന്നീ കളിസ്ഥലങ്ങളും ഒരുക്കും.മെഡിക്കൽ കോളേജ് റോഡിൽ നിന്ന് 2 പ്രധാന വഴികളാണ് കേന്ദ്രീയ വിദ്യാലയത്തിലേക്ക് എത്താൻ നിർമ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടി ഉയരുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി സ്ഥലം ഒരുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ചുറ്റുമതിലിന്റെയും കവാടത്തിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രഹാം, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, അരുവാപ്പുലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശ്രീകുമാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ജോയി, എൻജിനീയർമാരായ ശരത്ത് ദാസ്, തമിഴ് മണി, അനന്ദു എന്നിവർ എം.പി യോടൊപ്പം സ്ഥലം സന്ദർശിച്ചു.