മലയാലപ്പുഴ: കർഷകർക്ക് മികച്ച ആദായം നൽകി ജില്ലയിൽ വ്യാപകമാവുകയാണ് വെറ്റില കൃഷി. പന്തളം, പറക്കോട്, പത്തനംതിട്ട ചന്തകളാണ് വെറ്റിലയുടെ പ്രധാന വിപണി. നന്നായി അദ്ധ്വാനിച്ചാൽ നല്ല വരുമാനം ലഭിക്കുന്ന ഇൗ കൃഷിയിലേക്ക് കൂടുതൽ പേർ എത്തുന്നുണ്ട്.
ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ തണ്ടുകൾ നട്ട തുലാക്കൊടി ഇപ്പോൾ വിളവെടുക്കാൻ പാകമായിട്ടുണ്ട്.
കിളച്ചൊരുക്കിയ സ്ഥലത്ത് വാനമെടുത്ത് ഒരു മീറ്റർ അകലത്തിലായി ചാലുകളാക്കി ചാരം, ചാണകപ്പൊടി, പച്ചിലവളം, ജൈവവളങ്ങൾ എന്നിവ ചേർത്ത് മണ്ണ് ഒരുക്കിയാണ് വെറ്റിലച്ചെടിയുടെ തണ്ടുകൾ നടുന്നത്. ഇലകൾ നുള്ളിക്കളഞ്ഞ് 4 മുട്ടുകൾ വീതമുള്ള വള്ളിക്കഷണങ്ങളാണ് നടാൻ ഉപയോഗിക്കുന്നത്. 80 മുതൽ 100 വരെ വളളിത്തലപ്പുകൾ ഒരു സെന്റിൽ നടാം. മുളയോ, കുവുങ്ങോ കൊണ്ട് കുതിപ്പുകാൽ കെട്ടി അതിൽ ഉറപ്പിക്കണം, അല്ലെങ്കിൽ ചെറിയ കാറ്റിൽ പോലും ചാഞ്ഞുവീഴും. രാവിലെയും വൈകിട്ടും നനച്ച് കരിയില കൊണ്ട് പുതിയിട്ട് ഈർപ്പം നിലനിറുത്തണം. 6 മാസം കഴിയുമ്പോൾ കൊടി ഇറക്കിക്കെട്ടും. 6 വർഷം വരെ ഒരു ചെടിയിൽ നിന്ന് ഇലകൾ പറിക്കാം
തുളസി, വെൺമണി, അരിക്കൊടി, കുറ്റക്കൊടി, അമരവിള, കർപ്പൂരം, കൽക്കൊടി, കരിലാഞ്ചി ,പെരുംകൊടി, ആനമേച്ചെരി, ഇടമെച്ചേരി, വെള്ളന്തണ്ടൻ, അരീക്കണ്ണി, ചിലാന്തി എന്നിവയാണ് ഇനങ്ങൾ.
-----------------
ഒരു കെട്ടിന് വില :150 രൂപ
20 വെറ്റിലകൾ ചേർന്നാൽ ഒരടുക്ക്
4 അടുക്കുകൾ ചേർന്നാൽ ഒരു കെട്ട്:
---------------------
ജില്ലയിലെ പ്രധാന വിപണികൾ
പന്തളം, പറക്കോട്, പത്തനംതിട്ട ചന്തകൾ
----------------------------
വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുമെന്ന് പേടിക്കണ്ട. മറ്റ് കാർഷിക വിളകൾക്ക് വിലയിടിവ് നേരിടുമ്പോഴും വെറ്റിലയെ ബാധിക്കാറില്ല. മെച്ചപ്പെട്ട ആദായം ലഭിക്കുന്നുണ്ട്.
രാജൻ, വിലങ്ങുപാറ
പൊതീപ്പാട്
(വെറ്റില കർഷകൻ)