പത്തനംതിട്ട : പത്താമത് റാന്നി ഫാസ് അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് റാന്നി ഉപാസന തിയേറ്ററിൽ ആരംഭിക്കും. രാവിലെ 9.30ന് നിമാ ജാവീദിയുടെ ഇറാനിയൻ ചലച്ചിത്രമായ വാർഡൻ ആണ് ഉദ്ഘാടന ചിത്രം. 1966-ൽ ദക്ഷിണ ഇറാനിൽ വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് ജയിൽ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ തടവുപുള്ളികളെ മറ്റൊരിടത്തിലേക്ക് മാറ്റേണ്ടതായി വന്നു. മേജർ ജാഹിദ് എന്ന വാർഡന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വധശിക്ഷ്ക്ക് വിധിക്കപ്പെട്ട പ്രതിയെ കാണാതാവുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
11.45ന് ഓസ്‌കാർ പുരസ്കാരത്തിനർഹമായ പാരസൈറ്റ് എന്ന ചിത്രം പ്രദർശിപ്പിക്കും. ബോംഗ് ജൂൻ-ഹൊ ആണ് ഈ ദക്ഷിണ കൊറിയ ചിത്രത്തിന്റെ സംവിധായകൻ. ദക്ഷിണ കൊറിയൻ നഗരങ്ങളിലെ വ്യവസ്ഥിതിയുടെ പലതട്ടുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.
ഉച്ചയ്ക്ക് 2ന് ഉത്തര മാസിഡോണിലെ പർവത ഗ്രാമത്തിൽ താമസിക്കുന്ന തേനീച്ച വളർത്തൽകാരിയുടെ ജീവിതത്തെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രം ഹണി ലാൻഡ് പ്രദർശിപ്പിക്കും. തമാര കൊട്വീവ്സ്ക, ജുബോമീർ സ്റ്റെഫാനോവ് എന്നിവരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൈകിട്ട് 6.30ന് ഷാജി എൻ. കരുണിന്റെ ഓള് പ്രദർശിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ബെക്കൂറ ഗ്രാമത്തിൽ അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി എത്തുന്ന തെരേസയുടെ കഥ പറയുന്ന ബ്രസീലിയൻ ചിത്രം ബെക്കൂറ രാത്രി 9ന് പ്രദർശിപ്പിക്കും. 2019 കാൻ മേളയിൽ ജൂറി പരാമർശം നേടിയ ചിത്രമാണിത്. പോർച്ചുഗീസ് സംവിധായകരായ ലീബർ മെൻഡോൻക ഫിലോ, ജൂലിയാനോ ഡോർനെൽസ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ.