പത്തനംതിട്ട: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ പത്തനംതിട്ട കളക്ടറേറ്റ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളികൾ വർഷങ്ങളായി അനുഭവിച്ചുവരുന്ന അവകാശങ്ങളും തൊഴിലും അനുദിനം നഷ്ടമാകുന്ന സാഹചര്യത്തിലാണ് 12 ഇന ആവശ്യങ്ങളുമായി പ്രക്ഷോഭരംഗത്തേക്കിറങ്ങുന്നത്.
കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്കും ഇലക്ട്രിക്കൽ ജോലി ചെയ്യാൻ അധികാരപ്പെട്ട ലൈസൻസ്ഡ് തൊഴിലാളികൾക്കും സർക്കാർ തലത്തിൽ ഇൻഷ്വർ പരിരക്ഷ ഉറപ്പാക്കുക, സൂപ്പർവൈസർ പരീക്ഷാ ക്രമീകരണം സുതാര്യമാക്കുക, തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടപ്ലാൻ സമർപ്പിക്കുമ്പോൾ ജോലി ഏറ്റെടുക്കുന്ന ഇലക്ട്രിക്കൽ കരാറുകാരുടെ ലൈസൻസ്ഡ് കോപ്പി കൂടി ഉൾപ്പെടുത്തി നിയമനിർമാണം നടത്തുക, കുടുംബശ്രീ ജില്ലാ മിഷൻ ഐറസ് പദ്ധതിയുടെ ഭാഗമായി അനധികൃതമായി വറിംഗ് പരിശീലനം നൽകിക്കൊണ്ട് നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന നിലപാട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവച്ചിരിക്കുന്നത്.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ധർണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവംഗം ചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബാബു ജോസഫ്, പ്രസിഡന്റ് മാത്യു വർഗീസ്, സുരേഷ് കുമാർ, സിജു വർഗീസ് എന്നിവർ പങ്കെടുത്തു.