കോഴഞ്ചേരി: കെ.എസ്.ആർ.ടി.സിയുടെ രാവിലെയുള്ള ദീർഘദൂര സർവീസുകൾ സ്റ്റോപ്പുകളിൽ നിറുത്തുന്നില്ലെന്ന് പരാതി. രാവിലെ 5 മുതൽ ഇലന്തൂർ ജംഗ്ഷനിൽ കാത്തുനിൽക്കുന്ന യാത്രക്കാരെയാണ് കെ.എസ്.ആർ.ടി.സി വട്ടംചുറ്റിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഉൾപ്പെടെ ഇലന്തൂർ ജംഗ്ഷനിൽ കാത്തുനിന്നിട്ടും ബസ് നിറുത്തിയില്ല. രാവിലെ 5.40ന് എത്തിയ തൃശൂർ സൂപ്പർ ഫാസ്റ്റാണ് യാത്രക്കാർ കൈ കാണിച്ചിട്ടും പാഞ്ഞുപോയത്. ചിലർ ഇരുചക്രവാഹനങ്ങളിൽ ബസിന് പിന്നാലെ പോയെങ്കിലും തെക്കെമലയിലും കോഴഞ്ചേരിയിലും നിറുത്താതെ ബസ് കടന്നുപോയി. കോഴ ഞ്ചേരി വരെ പിന്തുടന്നവർക്കും ബസ് കിട്ടിയില്ല. 15 ഓളം യാത്രക്കാർ കോഴഞ്ചേരിയിലും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. നാരങ്ങാനം, കന്നിടും കുഴി, മാഹാണിമല, നിരന്നകാലാ, ആലുങ്കൽ ,പരിയാരം, വെള്ളപ്പാറ എന്നിവിടങ്ങളിലുള്ളവർ അഞ്ചും ആറും കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഇലന്തൂരെത്തുന്നത്. ഇലന്തൂർ നെടുവേലി ജംഗ്ഷനിൽ നിന്ന് അല്പം മാറ്റി ബസ് സ്റ്റോപ്പ് പുനർനിർണയിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചെങ്കിലും ബസുകൾ ഇവിടെ നിറുത്താറില്ല. കൃത്യവിലോപം കാണിക്കുന്ന ജീവനക്കാരെ നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.