പത്തനംതിട്ട: നിങ്ങൾ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അനുഭവം എന്തായിരുന്നു എന്ന് ചാേദിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് ഫോണിൽ വിളിക്കും.
പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ അല്ലയോ എന്ന് ഉന്നത ഉദ്യോഗസ്ഥരോട് പറയാം. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും തന്റെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തു പേരെ ദിവസവും വൈകിട്ട് നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. പൊലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽ വരും.
റേഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയും ജില്ലകളിലുള്ളിലെ 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും. ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകണം. രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യും. അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും.