അടൂർ: താലികെട്ട് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ. വിവാഹസദ്യ കരുവാറ്റ സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളിയിലും. ഇല്ലായ്മകൾക്കിടയിൽ പകച്ചുനിന്ന ഏഴംകുളം തേപ്പുപാറ കളീലുവിളയിൽ കാർത്തികേയന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകൾ കലയ്ക്കാണ് മതത്തിന്റെ അതിർവരമ്പുകൾ മായ്ചുകളഞ്ഞ് സെന്റ് മേരീസ് പള്ളി വിവാഹസഹായമെത്തിച്ചത്. നൂറനാട് പാറ്റൂർ മണ്ണുവടക്കേതിൽ യശോധരന്റെയും രാധമ്മയുടെയും മകൻ രഞ്ജിത്താണ് വരൻ.
കാർത്തികേയന് കാൻസറാണ്. കുഞ്ഞിപ്പെണ്ണ് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്.കലയുടെ വിവാഹം നടത്താൻ കാർത്തികേയനും കുഞ്ഞിപ്പെണ്ണിനും വഴിയൊന്നുമില്ലാതിരിക്കെയാണ് പള്ളിയുടെ ശതാബ്ദി സ്മാരക മംഗല്യനിധിയെക്കുറിച്ച് അറിഞ്ഞത്. സാഹായമഭ്യർത്ഥിച്ച് അപേക്ഷ നൽകിയതോടെ വധൂവരന്മാരുടെ മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാൻ ഇടവക തീരുമാനിച്ചു. രണ്ട് ലക്ഷം രൂപയാണ് മംഗല്യ സഹായ നിധിയിൽ നിന്ന് അനുവദിച്ചത്. ഇതിൽ ഒരു ലക്ഷം ദമ്പതികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ബാക്കിക്ക് ആഭരണങ്ങളും വിവാഹ വസ്ത്രവും വാങ്ങി. സദ്യയ്ക്ക് 50,000 രൂപയായി.
ഇന്നലെ രാവിലെ 11.1 നുള്ള മുഹൂർത്തത്തിലാണ് ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നത്. പള്ളിവികാരി ഫാ. എസ്. വി. മാത്യൂ തുവയൂർ, ട്രസ്റ്റി വി. ഒ. ഫിലിപ്പ്, സെക്രട്ടറി സി. ടി. ജേക്കബ് , തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം വി.രാഘവൻ, ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡന്റ് വി.പ്രേംചന്ദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പള്ളി അങ്കണത്തിൽ നവദമ്പതികൾക്ക് സ്വീകരണം നൽകി. ചിറ്റയം ഗോപകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സിന്ധു തുളസീധര കുറുപ്പ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഉമ്മൻതോമസ്, നഗരസഭ കൗൺസിലർമാരായ ഗീതാ തങ്കപ്പൻ, ഗോപു കരുവാറ്റ എന്നിവർ ആശംസകൾ നേർന്നു. പ്രഥമനും പായസവും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷമാണ് എല്ലാവരും പിരിഞ്ഞത്. പദ്ധതി പ്രകാരം ഇടവക നടത്തുന്ന മൂന്നാമത്തെ വിവാഹമാണിത്. നേരത്തെ മിത്രപുരം ഉദയഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വച്ചാണ് ഒരെണ്ണം നടത്തിയത്.