11-manpilavu-temple
മൺപിലാവ് ശിവഭദ്ര ക്ഷേത്രം

ചിറ്റാർ : ഐതിഹ്യ പെരുമയാൽ പ്രസിദ്ധമായ മൺപിലാവ് ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് ഇന്ന് സമാപനം. വയ്യാറ്റുപുഴയിൽ നിന്ന് മൂന്ന് കിലോമീറ്റർ തെക്ക് വനത്തിനോട് ചേർന്ന് മലമുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മൺപിലാവ് ശിവഭദ്ര ക്ഷേത്രം. നിലയ്ക്കൽ പള്ളിയിറക്കാവിൽ നിന്ന് എത്തിെ ഒരു ബ്രാഹ്മണനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഇവിടുത്തെ ഉപാസനമൂർത്തിയെന്നാണ് ഐതിഹ്യം. മഹാഭാരതകാലത്ത് ചൂതുകളിയിൽ കൗരവരോട് പരാജയപ്പെട്ട പാണ്ഡവർ വനവാസകാലത്തു മൺപിലാവ് വാനപ്രദേശങ്ങളിൽ താമസിച്ചതായും ഐതിഹമുണ്ട്. മൺപിലാവ് ക്ഷേത്രത്തിനോട് ചേർന്നുകിടക്കുന്ന പാറ ചൂതുപാറയെന്നു അറിയപ്പെടുന്നു. വനവാസകാലത്തു പാണ്ഡവർ ഈ പാറയിലിരുന്നു ചൂതുകളിക്കുകയും വിശ്രമിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഇപ്പോഴും ചതുരക്കളങ്ങൾ ചൂതുപാറയിൽ കാണാം. കൂടാതെ മൺപിലാവ് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തു കുളത്തിന്റെ വടക്കേപ്പാറയിൽ ഇരുന്ന് അർജുനൻ പാശുപതാസ്ത്രത്തിനുവേണ്ടി തപസ്സുചെയ്യുകയും അർജുനനെ പരീക്ഷിക്കാനായി കിരാതന്റെ വേഷത്തിൽ എത്തിയ ശിവനുമായി യുദ്ധം ചെയ്തതായും വിശ്വാസമുണ്ട്. ഇവിടെ വില്ല് ഉൗന്നികൊണ്ട് യുദ്ധം ആരംഭിച്ചതിനാൽ ഈ പ്രദേശം വില്ലൂന്നിപ്പാറ എന്നപേരിൽ അറിയപ്പെടുന്നു. പഴയ ക്ഷേത്രത്തിന്റെ നമസ്‌കാര മണ്ഡപത്തിൽ ഏതോ ലിപി എഴുതിയിട്ടുണ്ട്.