പത്തനംതിട്ട: കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടത്തുന്ന സർവേകളോട് , പൗരത്വനിയമത്തിന്റെയും ജനസംഖ്യ രജിസ്റ്ററിന്റെയും ഭാഗമെന്ന് തെറ്റിദ്ധരിച്ച് ഒരുവിഭാഗം ജനങ്ങൾ മുഖം തിരിക്കുന്നു. ദേശീയ സാമ്പിൾ സർവെ, സാമ്പത്തിക സ്ഥിതിവിവര വകുപ്പ് എന്നിവ നടത്തുന്ന സർവെയെപ്പറ്റിയാണ് ആശങ്ക. ഇരവിപേരൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സർവേ തുടങ്ങിയത്. ചില വീട്ടുകാർ സർവെയെ എതിർത്ത് വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു. ജില്ലയിൽ 12 പഞ്ചായത്തുകളും നാല് നഗരസഭകളും സർവേയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
വീടുകളിലും കടകളിലും ചെന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുമ്പോൾ പൗരത്വ നിയമവും ജനസംഖ്യാ രജിസ്റ്ററുമെന്ന് സംശയിച്ച് പലരും സഹകരിക്കുന്നില്ല. ഇൗ വർഷം ജനുവരിയിൽ തുടങ്ങിയ സർവേ ഡിസംബറിൽ അവസാനിക്കേണ്ടതുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കരുകളുടെ നയ രൂപീകരണത്തിന്റെ ഭാഗമായണ് എല്ലാവർഷവും സർവേ നടത്തുന്നത്.
> നാഷണൽ സാമ്പിൾ സർവേ
എല്ലാ വർഷവും തിരഞ്ഞെടുത്ത ഒരു മേഖലയിൽ നടക്കുന്ന സർവെ. ഇക്കൊല്ലം ആഭ്യന്തര ടൂറിസമാണ് വിഷയം. സർവെ വകുപ്പിലെ ഉദ്യോഗസഥർ, നഗര -ഗ്രാമ പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത വാർഡുകളിൽ നിന്ന് ഡിസംബർ 31വരെ വിവര ശേഖരണം നടത്തും. ആഭ്യന്തര വിനോദ സഞ്ചാര ധനവ്യയം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ തയ്യാറാക്കുന്നതിനാണ് വിവര ശേഖരണം. വ്യക്തികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിലുളള റിപ്പോർട്ടുകൾ തയ്യാറാക്കും. വ്യക്തികളുടെയോ കുടുംബങ്ങളുടെയോ വിവരങ്ങൾ റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിക്കില്ല.
> കാർഷിക സ്ഥിതി വിവരക്കണക്ക്
കാർഷിക മേഖലയിലെ വിവര ശേഖരണത്തിന് എല്ലാ വർഷവും നടക്കുന്നത്. ഭൂവിനിയോഗം, കാർഷിക വിളകളുടെ വിസ്തൃതി, ഉല്പാദനം, ജലസേചന വിവരങ്ങൾ, ഉപയോഗിക്കുന്ന വളങ്ങൾ, ഉല്പാദന ചെലവ്, കർഷക തൊഴിലാളികളുടെ കൂലി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. തിരഞ്ഞെടുക്കുന്ന സർവെ നമ്പരുകളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
> വിലനിലവാര സർവേ
നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ മൊത്ത -ചില്ലറ വിലനിലവാരം, കെട്ടിട നിർമാണ സാമഗ്രികളുടെ വിലശേഖരണം എന്നീ വിവരങ്ങൾ ശേഖരിക്കും. ആഴ്ചയിലൊരിക്കലോ മാസത്തിലോ നടക്കാറുള്ള ഇൗ സർവെ തിരഞ്ഞെടുത്ത കടകളിലാണ് വിവരശേഖരണം നടത്തുക. 57 ഒാളം നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരമാണ് എല്ലാ ആഴ്ചയിലും ശേഖരിച്ചു വരുന്നത്.
> വേതന സർവേ
മൂന്ന് മാസം കൂടുമ്പോൾ നടത്തുന്ന സർവെ. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതന നിരക്കിനെ കുറിച്ചാണ് പഠനം.
-------------
സർവേ നടക്കുന്നത്
12 പഞ്ചായത്തുകൾ
4 നഗരസഭകൾ
----------------------------
തെറ്റിദ്ധാരണ മാറ്റണം
'' നാല് സർവേകൾക്കും പൗരത്വ നിയമവുമായി യാതൊരു ബന്ധവുമില്ല. വിവരശേഖരണത്തിനായി വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കുന്ന ഉദ്യോഗസ്ഥർക്ക് സാമ്പത്തിക സ്ഥിതിവിവരം സംബന്ധിച്ച് ശരിയായ വിവരങ്ങൾ നല്കണം.
പി.കെ.ശാലിനി,
ഡെപ്യൂട്ടി ഡയറക്ടർ,
സാമ്പത്തിക സ്ഥിതി വിവര വകുപ്പ് .